‘മനപ്പൂർവമല്ല, അബദ്ധത്തിൽ സംഭവിച്ചത്’; അത്തപ്പൂക്കളം തകർത്ത സംഭവത്തിൽ പെൺകുട്ടിയുടെ വിശദീകരണം

‘മൈഥിലി’ കെട്ടിടത്തിലെ സ്ഥാപനങ്ങളിലെ ജീവനക്കാർ ചേർന്ന് ഉത്രാടദിനത്തിൽ ഒരുക്കിയ അത്തപ്പൂക്കളമാണ് സംഭവത്തിൽ തകർന്നത്. പാലാരിവട്ടം മെട്രോ പില്ലർ 545-ന് സമീപത്താണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്.

‘മനപ്പൂർവമല്ല, അബദ്ധത്തിൽ സംഭവിച്ചത്’; അത്തപ്പൂക്കളം തകർത്ത സംഭവത്തിൽ പെൺകുട്ടിയുടെ വിശദീകരണം

കൊച്ചി: പാലാരിവട്ടത്ത് അത്തപ്പൂക്കളം തകർത്ത സംഭവത്തിൽ പ്രതിഷേധം ശക്തമായതിന് പിന്നാലെ സംഭവത്തിൽ ഉൾപ്പെട്ട പെൺകുട്ടി ഖേദം പ്രകടിപ്പിച്ചു. പൂക്കളം നശിപ്പിച്ചത് മനപ്പൂർവമായിരുന്നില്ലെന്നും ജോലി സംബന്ധമായ നിരാശയും മാനസിക സമ്മർദ്ദവും ഉണ്ടായിരുന്ന സമയത്ത് അബദ്ധത്തിൽ സംഭവിച്ചതാണെന്നും പെൺകുട്ടി വ്യക്തമാക്കി.

‘മൈഥിലി’ കെട്ടിടത്തിലെ സ്ഥാപനങ്ങളിലെ ജീവനക്കാർ ചേർന്ന് ഉത്രാടദിനത്തിൽ ഒരുക്കിയ അത്തപ്പൂക്കളമാണ് സംഭവത്തിൽ തകർന്നത്. പാലാരിവട്ടം മെട്രോ പില്ലർ 545-ന് സമീപത്താണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്.

ജീവനക്കാർ ഭക്ഷണം കഴിക്കാൻ പുറത്തുപോയ സമയത്താണ് പെൺകുട്ടി പൂക്കളത്തിന് സമീപമെത്തിയത്. ഇതിനിടെ പൂക്കളത്തിൽ കാലുതട്ടുകയും അലങ്കാരം തകരുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ കെട്ടിടത്തിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ രീതിയിൽ പ്രതിഷേധം ഉയർന്നു.

സംഭവത്തിൽ പാലാരിവട്ടം പൊലീസ് ബിഎൻഎസ് 192-ാം വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പെൺകുട്ടി തന്റെ ഭാഗം വിശദീകരിച്ച് രംഗത്തെത്തിയത്.

മതവികാരം വ്രണപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയല്ല താൻ പൂക്കളം തകർത്തതെന്ന് പെൺകുട്ടി പറഞ്ഞു. സംഭവത്തിൽ തനിക്ക് വലിയ വിഷമമുണ്ടെന്നും ചെയ്ത നടപടി തെറ്റായിരുന്നുവെന്ന് മനസ്സിലായതായും അവർ വ്യക്തമാക്കി.

സംഭവത്തിൽ ഹിന്ദു സമൂഹത്തോടും പൊതുസമൂഹത്തോടും മാപ്പ് ചോദിക്കുന്നതായും പെൺകുട്ടി പറഞ്ഞു. താനും മലയാളിയാണെന്നും ഓണാഘോഷങ്ങളെ അവഹേളിക്കാനുള്ള ഉദ്ദേശമൊന്നും ഉണ്ടായിരുന്നില്ലെന്നും അവർ വ്യക്തമാക്കി. തനിക്കൊപ്പമുണ്ടായിരുന്ന അമ്മയ്ക്ക് സംഭവത്തിൽ യാതൊരു പങ്കുമില്ലെന്നും പെൺകുട്ടി കൂട്ടിച്ചേർത്തു.