ആകർഷകമായ ടൂർ പാക്കേജിൽ വീണു; തായ്‌ലൻഡിൽ എത്തിയ വിനോദസഞ്ചാരികളെ ബന്ദികളാക്കി 70 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ടു
24 ലക്ഷം തായ് ബാത്ത് (ഏകദേശം 70 ലക്ഷം രൂപ) മോചനദ്രവ്യം ആവശ്യപ്പെട്ടായിരുന്നു അക്രമം
തായ്ലന്‍ഡില്‍ കുറഞ്ഞ ചെലവില്‍ ആകര്‍ഷകമായ ടൂര്‍ പാക്കേജ് വാഗ്ദാനം ചെയ്ത് വിനോദസഞ്ചാരികളായ മൂന്ന് ഇന്ത്യന്‍ യുവാക്കളെ തട്ടിക്കൊണ്ടുപോയ സംഘത്തെ തായ് പൊലീസ് അറസ്റ്റ് ചെയ്തു. ബാങ്കോക്കില്‍ വിമാനമിറങ്ങിയ ഉടന്‍ കെണിയിലായ യുവാക്കളെ പട്ടായയിലെ ഒരു വീട്ടില്‍ തടങ്കലില്‍ പാര്‍പ്പിച്ച് ഒരാഴ്ചയോളം ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. 24 ലക്ഷം തായ് ബാത്ത് (ഏകദേശം 70 ലക്ഷം രൂപ) മോചനദ്രവ്യം ആവശ്യപ്പെട്ടായിരുന്നു അക്രമം. തായ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവാക്കളെ സുരക്ഷിതമായി മോചിപ്പിച്ചു. സംഭവത്തില്‍ അറസ്റ്റിലായ അഞ്ച് പ്രതികളും ഇന്ത്യന്‍ പൗരന്മാരാണ്.
ബാങ്കോക്കില്‍ വിമാനമിറങ്ങി ടാക്‌സിമാര്‍ഗ്ഗം പട്ടായയിലെത്തിയ മൂന്ന് ഇന്ത്യന്‍ യുവാക്കളാണ് ക്രൂരമായ തട്ടിക്കൊണ്ടുപോകലിന് ഇരയായത്. പട്ടായയിലെ റെസ്റ്റോറന്റില്‍ വെച്ച് കണ്ടുമുട്ടിയ പ്രതികള്‍ യുവാക്കളെ ഒരു വാടകവീട്ടിലേക്ക് കൊണ്ടുപോയി ബന്ദികളാക്കുകയായിരുന്നു. കൈകാലുകള്‍ ബന്ധിച്ച്, തലകീഴായി കെട്ടിത്തൂക്കി ദിവസങ്ങളോളം ക്രൂരമായി മര്‍ദിച്ച സംഘം ഇവര്‍ക്ക് ഭക്ഷണവും വെള്ളവും നിഷേധിച്ചു. തുടര്‍ന്ന് യുവാക്കളുടെ ബന്ധുക്കളെ വീഡിയോ കോളില്‍ വിളിച്ച് ഭീഷണിപ്പെടുത്തി മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അവ്താര്‍ സിങ്, ജഗ്ജിത് സിങ്, റാംബാലക് കുമാര്‍, സുഖ്ബീര്‍ സിങ്, കുല്‍റ സിങ് എന്നീ അഞ്ച് ഇന്ത്യന്‍ പൗരന്മാരെ തായ് പൊലീസ് ബാങ്കോക്കില്‍ നിന്ന് അറസ്റ്റ് ചെയ്തു. എന്നാല്‍, പിടിയിലായ സംഘത്തിന് പിന്നില്‍ പാക്കിസ്ഥാന്‍ പൗരന്മാര്‍ക്കും പങ്കുണ്ടെന്നാണ് തായ് പൊലീസിന്റെ കണ്ടെത്തല്‍.
Comments ()