ചർച്ചകളിലൂടെ മാത്രം സമാധാനം സാധ്യം; ആഗോള മധ്യസ്ഥതയിൽ ഖത്തറിന്റെ പ്രതിബദ്ധത
അന്താരാഷ്ട്ര സമാധാനവും സുരക്ഷയും ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളിൽ രാജ്യം തുടർന്നും സജീവമായി പ്രവർത്തിക്കുമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് അൽ അൻസാരിയും വിദേശകാര്യ സഹമന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ ഖുലൈഫിയും അറിയിച്ചു
ലണ്ടൻ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സംഘർഷങ്ങൾക്കും പ്രതിസന്ധികൾക്കും സ്ഥിരമായ പരിഹാരം കണ്ടെത്താൻ സൈനിക നടപടികളേക്കാൾ നയതന്ത്ര ഇടപെടലുകൾക്കാണ് പ്രാധാന്യമെന്ന് ഖത്തർ വ്യക്തമാക്കി. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളിൽ രാജ്യം തുടർന്നും സജീവമായി പ്രവർത്തിക്കുമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് അൽ അൻസാരിയും വിദേശകാര്യ സഹമന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ ഖുലൈഫിയും അറിയിച്ചു.
ലണ്ടനിലെ ചാഥം ഹൗസിൽ നടന്ന ലണ്ടൻ കോൺഫറൻസ് 2026ൽ സംസാരിക്കവെയാണ് ഖത്തർ പ്രതിനിധികൾ നിലപാട് വ്യക്തമാക്കിയത്. വിവിധ രാജ്യങ്ങളും വിഭാഗങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതിൽ മധ്യസ്ഥത വഹിക്കുന്നത് ഖത്തറിന്റെ വിദേശനയത്തിന്റെ ഭാഗം മാത്രമല്ലെന്നും ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നും അൽ ഖുലൈഫി പറഞ്ഞു. സമാധാനപരമായ മാർഗങ്ങളിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ പരിഹരിക്കണമെന്ന ഖത്തർ ഭരണഘടനയിലെ ആർട്ടിക്കിൾ 7ന്റെ അടിസ്ഥാനത്തിലാണ് രാജ്യത്തിന്റെ സമീപനമെന്നും അദ്ദേഹം വ്യക്തമാക്കി.
സംഘർഷങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാ വിഭാഗങ്ങളുമായും ആശയവിനിമയം നിലനിർത്തുന്നതാണ് ഖത്തറിന്റെ മധ്യസ്ഥ രീതിയെന്ന് അൽ ഖുലൈഫി പറഞ്ഞു. എല്ലാ കക്ഷികളുമായി സംസാരിക്കുന്നത് അവരുടെ നിലപാടുകളെ പിന്തുണയ്ക്കുന്നതായി അർത്ഥമാക്കുന്നില്ലെന്നും, മറിച്ച് ചർച്ചകൾക്ക് ആവശ്യമായ സാഹചര്യം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിശ്വാസ്യത, എല്ലാവരിലേക്കുമുള്ള സമീപനം, നിരന്തരമായ പരിശ്രമം എന്നിവയാണ് ഫലപ്രദമായ മധ്യസ്ഥതയുടെ പ്രധാന ഘടകങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments ()