ഖനന ഭേദഗതി ബില്ലിനെതിരെ പിണറായി; ‘സംസ്ഥാനങ്ങളുടെ അധികാരത്തിലേക്കുള്ള കേന്ദ്രത്തിന്റെ കടന്നുകയറ്റം’
കേരളത്തിലെ യുഡിഎഫ് സർക്കാരിനും കേന്ദ്രത്തിന്റെ സ്വകാര്യവൽക്കരണ നയങ്ങളോട് അനുകൂല സമീപനമാണെന്ന വിമർശനവും പിണറായി ഉന്നയിച്ചു
തിരുവനന്തപുരം: കേന്ദ്ര സർക്കാർ കൊണ്ടുവന്ന മൈൻസ് ആൻഡ് മിനറൽസ് (ഡെവലപ്‌മെന്റ് ആൻഡ് റെഗുലേഷൻ) ഭേദഗതി ബിൽ, 2026 സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അധികാരങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സംസ്ഥാനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ യുഡിഎഫ് സർക്കാർ സുപ്രീം കോടതിയെ സമീപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഖനനാവകാശങ്ങളുമായി ബന്ധപ്പെട്ടും ധാതുസമ്പത്തുള്ള ഭൂമിയുമായി ബന്ധപ്പെട്ടും അധിക നികുതിയോ സെസ്സോ ചുമത്താനുള്ള സംസ്ഥാനങ്ങളുടെ അധികാരം പരിമിതപ്പെടുത്തുന്നതാണ് കേന്ദ്ര നീക്കമെന്നാണ് പിണറായി വിജയന്റെ ആരോപണം. ഇത് ഭരണഘടന ഉറപ്പുനൽകുന്ന ഫെഡറൽ സംവിധാനത്തെ ദുർബലപ്പെടുത്തുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
കേരളത്തിലെ യുഡിഎഫ് സർക്കാരിനും കേന്ദ്രത്തിന്റെ സ്വകാര്യവൽക്കരണ നയങ്ങളോട് അനുകൂല സമീപനമാണെന്ന വിമർശനവും പിണറായി ഉന്നയിച്ചു. സംസ്ഥാന സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിലും ബജറ്റിലും കരിമണൽ ഖനനം സ്വകാര്യവൽക്കരിക്കുന്നതിനുള്ള നിർദേശങ്ങളുണ്ടായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
‘റെയർ എർത്ത് ഇടനാഴി’ പദ്ധതിയുടെ പേരിൽ കേരള തീരത്തെ ധാതുസമ്പത്ത് സ്വകാര്യ കമ്പനികൾക്ക് കൈമാറാനുള്ള നീക്കമാണ് നടക്കുന്നതെന്നും പിണറായി ആരോപിച്ചു. ചവറയിലെ പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎല്ലിന്റെ പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമായി പ്രതിസന്ധിയിലാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തമായി ഖനനം നടത്തി ലാഭകരമായി പ്രവർത്തിക്കാൻ കഴിയുന്ന കെഎംഎംഎല്ലിന് ആവശ്യമായതിന്റെ ഇരട്ടിയിലധികം അസംസ്കൃത വസ്തുക്കൾ സ്വകാര്യ കമ്പനികളിൽ നിന്ന് ഉയർന്ന വിലയ്ക്ക് വാങ്ങേണ്ട സാഹചര്യം സൃഷ്ടിക്കുന്നത് സംശയകരമാണെന്നും പിണറായി വ്യക്തമാക്കി.
പൊതുമേഖലാ സ്ഥാപനത്തെ ദുർബലപ്പെടുത്തി അതിന്റെ സ്ഥാനത്ത് സ്വകാര്യ കമ്പനികൾക്ക് അവസരം ഒരുക്കാനുള്ള ആസൂത്രിത നീക്കമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിന്റെ ധാതുസമ്പത്തും കെഎംഎംഎല്ലും സംരക്ഷിക്കാനുള്ള നടപടികൾ ശക്തമാക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.
Comments ()