ഡാറ്റുറ ചെടി കണ്ടാൽ സൂക്ഷിക്കുക; പൂവും ഇലയും വിത്തും വിഷം, കുവൈത്തിൽ ആരോഗ്യ അധികൃതരുടെ മുന്നറിയിപ്പ്

പൂക്കളുടെ ഭംഗി കണ്ട് പലരും തിരിച്ചറിയാതെ സമീപിക്കാനുള്ള സാധ്യതയുണ്ടെങ്കിലും ഡാറ്റുറയുടെ എല്ലാ ഭാഗങ്ങളിലും വിഷാംശമുണ്ടെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ഇലകളും പൂക്കളും മാത്രമല്ല, കായ്കളും വിത്തുകളും ശരീരത്തിനുള്ളിലെത്തുന്നത് അപകടകരമാണ്

ഡാറ്റുറ ചെടി കണ്ടാൽ സൂക്ഷിക്കുക; പൂവും ഇലയും വിത്തും വിഷം, കുവൈത്തിൽ ആരോഗ്യ അധികൃതരുടെ മുന്നറിയിപ്പ്

കുവൈത്ത് സിറ്റി: കാണാൻ ഭംഗിയുള്ള പൂക്കളുമായി വളരുന്ന ഡാറ്റുറ ചെടി കുവൈത്തിൽ ആരോഗ്യഭീഷണിയാകുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചെടി കണ്ടെത്തിയതിനെ തുടർന്ന് ആരോഗ്യ-പരിസ്ഥിതി അധികൃതർ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി. വീടുകൾക്ക് സമീപമുള്ള പ്രദേശങ്ങളിലും പൊതുസ്ഥലങ്ങളിലും ചെടിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

പൂക്കളുടെ ഭംഗി കണ്ട് പലരും തിരിച്ചറിയാതെ സമീപിക്കാനുള്ള സാധ്യതയുണ്ടെങ്കിലും ഡാറ്റുറയുടെ എല്ലാ ഭാഗങ്ങളിലും വിഷാംശമുണ്ടെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ഇലകളും പൂക്കളും മാത്രമല്ല, കായ്കളും വിത്തുകളും ശരീരത്തിനുള്ളിലെത്തുന്നത് അപകടകരമാണ്. ചെടിയുടെ ഭാഗങ്ങൾ കഴിച്ച് വിഷബാധയേറ്റ നിരവധി പേർക്ക് ചികിത്സ ആവശ്യമായതായി അമീരി ആശുപത്രിയിലെ കുവൈത്ത് വിഷനിയന്ത്രണ കേന്ദ്രം മേധാവി ഡോ. അബ്ദുല്ലത്തീഫ് അൽ ഔമി പറഞ്ഞു.

വലിയ വലിപ്പത്തിലുള്ള വെള്ളയോ പർപ്പിൾ നിറത്തിലോ ഉള്ള പൂക്കളാണ് ചെടിയുടെ പ്രധാന സവിശേഷത. സാധാരണയായി രാത്രിയോടെയാണ് പൂക്കൾ വിരിയുന്നത്. രൂക്ഷഗന്ധമുള്ള ഇലകളും മുള്ളുകളുള്ള പച്ച കായ്കളുമാണ് മറ്റൊരു തിരിച്ചറിയൽ ഘടകം. കായ്കൾക്കുള്ളിൽ നിരവധി വിത്തുകൾ കാണപ്പെടും.

ചെടിയിലെ അട്രോപിൻ, ഹൈയോസ്യാമിൻ, സ്കോപോളാമിൻ എന്നീ വിഷഘടകങ്ങൾ ശരീരത്തിൽ പ്രവേശിച്ചാൽ ഗുരുതരമായ പ്രതികരണങ്ങൾ ഉണ്ടാകാം. വായ വരണ്ടുപോകൽ, കണ്ണിലെ കൃഷ്ണമണി വലുതാകൽ, ഹൃദയമിടിപ്പ് കൂടൽ, ആശയക്കുഴപ്പം, അസാധാരണമായ പെരുമാറ്റം, മതിഭ്രമം തുടങ്ങിയവയാണ് സാധാരണയായി കാണപ്പെടുന്ന ലക്ഷണങ്ങൾ.

വിഷബാധ ശക്തമായാൽ അപസ്മാരം, ബോധക്ഷയം തുടങ്ങിയ ഗുരുതര അവസ്ഥകളിലേക്കും ഇത് നയിച്ചേക്കാം. അതിനാൽ തിരിച്ചറിയാത്ത ചെടികളുടെ ഇല, പൂവ്, കായ്കൾ, വിത്തുകൾ എന്നിവ ഉപയോഗിക്കരുതെന്നും കുട്ടികളെ ഇത്തരം ചെടികളിൽനിന്ന് അകറ്റിനിർത്തണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ചെടിയുടെ ഏതെങ്കിലും ഭാഗം കഴിച്ചതായി സംശയമുണ്ടെങ്കിൽ ഉടൻ വൈദ്യസഹായം തേടണമെന്നും നിർദേശിച്ചിട്ടുണ്ട്.