സിനിമ കാണാൻ ഇനി പോക്കറ്റ് കീറും; മുംബൈയിൽ വിനോദനികുതിയിൽ വൻ വർധനവിന് ശുപാർശ
എസി തിയേറ്ററുകളിലെ നികുതി 60 രൂപയിൽ നിന്ന് 400 രൂപയാകും. എന്നാൽ മറാഠി, ഗുജറാത്തി ഭാഷകളിലുള്ള പരിപാടികൾക്ക് പൂർണ്ണ നികുതിയിളവുണ്ട്.
മുംബൈ നഗരത്തിൽ സിനിമ കാണാനും സംഗീതപരിപാടികൾ ആസ്വദിക്കാനും ഇനി ചെലവേറും. വിനോദനികുതിയിൽ 100 മുതൽ 570 ശതമാനം വരെ വലിയ വർധനവരുത്താനാണ് മുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ പുതിയ ശുപാർശ. 1969-ന് ശേഷം, അതായത് നീണ്ട 57 വർഷങ്ങൾക്ക് ശേഷമാണ് നഗരത്തിൽ വിനോദനികുതി ഘടന പരിഷ്കരിക്കുന്നത്. 128 വർഷങ്ങൾക്ക് മുൻപ് ഫ്രഞ്ച് സഹോദരന്മാരായ ലൂമിയർ ബ്രദേഴ്സ് വാട്സൺസ് ഹോട്ടലിൽ കേവലം ഒരു രൂപ ടിക്കറ്റ് നിരക്കിൽ ഇന്ത്യയിലെ ആദ്യ ചലച്ചിത്രം പ്രദർശിപ്പിച്ച ചരിത്രമുള്ള മുംബൈയിലാണ് ഈ ഭീമമായ നികുതിവർധന വരുന്നത്. എന്നാൽ മറാഠി, ഗുജറാത്തി ഭാഷകളിലുള്ള സിനിമകൾക്കും കലാപരിപാടികൾക്കും ഈ നികുതിയിൽ 100 ശതമാനം ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
പുതിയ ശുപാർശ പ്രകാരം എസി മൾട്ടിപ്ലക്സ് തിയേറ്ററുകളിലെ ടിക്കറ്റ് നികുതി 60 രൂപയിൽ നിന്ന് 400 രൂപയായും (570% വർധന), നോൺ-എസി തിയേറ്ററുകളിൽ 45 രൂപയിൽ നിന്ന് 200 രൂപയായും (400% വർധന) ഉയരും. നാടകങ്ങൾക്കും സംഗീതപരിപാടികൾക്കുമുള്ള നികുതി 25 രൂപയിൽ നിന്ന് 100 രൂപയായും (300% വർധന), സർക്കസ്, കാർണിവൽ എന്നിവയുടേത് 50 രൂപയിൽ നിന്ന് 100 രൂപയായും (100% വർധന) വർധിക്കും. കൂടാതെ, മിനി തിയേറ്ററുകൾക്കും വീഡിയോ പ്രദർശനങ്ങൾക്കും ടിക്കറ്റൊന്നിന് 90 രൂപ നിരക്കിൽ പുതിയ നികുതിയും ഏർപ്പെടുത്തിയിട്ടുണ്ട്.
നിലവിൽ വിനോദനികുതിയിനത്തിൽ 360 കോടി രൂപ വരുമാനം ലഭിക്കുന്ന മുംബൈ കോർപ്പറേഷന്, മഹാരാഷ്ട്ര നഗരവികസന വകുപ്പിന്റെ അംഗീകാരത്തിനായി സമർപ്പിച്ച ഈ ശുപാർശ പ്രാബല്യത്തിൽ വരുന്നതോടെ വരുമാനം 500 മുതൽ 550 കോടി രൂപയായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചുരുക്കത്തിൽ, വിലക്കയറ്റത്തിനും ജോലിസമ്മർദത്തിനുമിടയിൽ ഒരു സിനിമയോ പാട്ടോ ആസ്വദിച്ച് ആശ്വാസം കണ്ടെത്താമെന്ന് കരുതുന്ന സാധാരണക്കാർക്ക് മുംബൈ ഇനി ഇരട്ടി ചെലവുള്ള നഗരമായി മാറും.
Comments ()