മികച്ച യുവകര്‍ഷകനുള്ള പുരസ്‌കാര ജേതാവ്, ലഹരി കടത്ത് കേസില്‍ പിടിയില്‍, ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

വാഴക്കുലയിൽ പൊതിഞ്ഞയക്കുന്ന ലഹരിമരുന്ന് പ്രതികൾ ഒളിപ്പിച്ചിരുന്നത് വീട്ടിലെ പക്ഷിക്കൂട്ടിലായിരുന്നു.

മികച്ച യുവകര്‍ഷകനുള്ള പുരസ്‌കാര ജേതാവ്, ലഹരി കടത്ത് കേസില്‍ പിടിയില്‍, ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

ആലുവ: എറണാകുളം ആലുവയിൽ 185 ഗ്രാം എം.ഡി.എം.എ പിടികൂടിയ സംഭവത്തിൽ പ്രതികൾ ലഹരിമരുന്ന് കടത്താനും ഒളിപ്പിക്കാനും ഉപയോഗിച്ച വിചിത്രമായ വഴികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. ഇതരസംസ്ഥാനത്തുനിന്ന് വാഴക്കുലയ്ക്കുള്ളിൽ പൊതിഞ്ഞു കടത്തിക്കൊണ്ടുവന്നിരുന്ന എം.ഡി.എം.എ പ്രതികൾ ഒളിപ്പിച്ചിരുന്നത് വീട്ടിലെ പക്ഷിക്കൂട്ടിലായിരുന്നു. പോലീസോ എക്സൈസോ എത്തിയാലും തിരിച്ചറിയാതിരിക്കാൻ പക്ഷികൾക്ക് തീറ്റ നൽകുന്ന പാത്രത്തിലടക്കം പ്രത്യേക രഹസ്യ അറകൾ ഇവർ നിർമ്മിച്ചിരുന്നതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് ഹരിപ്പാട് സ്വദേശി ധനേഷ്, എറണാകുളം സ്വദേശികളായ ഷിനു, ഹരികൃഷ്ണൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ 'ഡാനി' എന്ന് വിളിക്കുന്ന മുഖ്യപ്രതി ധനേഷ് ഹരിപ്പാട് കൃഷിഭവന്റെ മികച്ച യുവകർഷകനുള്ള പുരസ്കാരം നേടിയ വ്യക്തിയാണ്. ജർമ്മനിയിൽ അടക്കം പോയി കൃഷിയെക്കുറിച്ച് പഠനം നടത്തിയിട്ടുള്ള ധനേഷിന് മൈസൂരുവിൽ സ്വന്തമായി വാഴത്തോട്ടമുണ്ട്. ഈ മറവിലാണ് പല ഘട്ടങ്ങളിലായി വാഴക്കുലകൾക്കുള്ളിൽ ലഹരി കടത്തിയത്. മൈസൂരുവിൽനിന്ന് അയക്കുന്ന വാഴക്കുലയിൽനിന്ന് ലഹരിമരുന്ന് ശേഖരിക്കുന്ന ദൃശ്യങ്ങൾ കടത്തുകാർ 'ഡാനി ഭായ്' എന്ന് സേവ് ചെയ്തിരുന്ന ധനേഷിന്റെ നമ്പറിലേക്ക് അയച്ചുനൽകിയിരുന്നു. ആലുവയിലെ പരിശോധനയിൽ ഇയാളിൽനിന്ന് ഹെറോയിനും പോലീസ് കണ്ടെടുത്തു.

മുഖ്യപ്രതി ധനേഷിന് നൈജീരിയൻ ലഹരിസംഘങ്ങളുമായി അടുത്തബന്ധമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംസ്ഥാനത്ത് ലഹരിമരുന്നിനെതിരെ പോലീസ് 'ഓപ്പറേഷൻ തൂഫാൻ' ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്നതിനിടയിലാണ് നിർണായകമായ ഈ അറസ്റ്റ് നടന്നിരിക്കുന്നത്. അന്വേഷണ ഏജൻസികളെ വെട്ടിക്കാൻ ലഹരി മാഫിയ ഏതുതരം കുറുക്കുവഴികളും സ്വീകരിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ സംഭവം നൽകുന്നത്.