പ്രിയദർശിനി വൻവിജയം; ‘ഞങ്ങളുടെ കഞ്ഞികുടി മുട്ടി’, സ്വകാര്യ ബസുടമകൾ, പ്രതിസന്ധിയിൽ

സ്വകാര്യ ബസ് ഉടമകളുടെ കണക്കനുസരിച്ച് സംസ്ഥാനത്ത് ഏകദേശം 700 ബസുകൾ ഇതിനകം സർവീസ് നിർത്തിയിട്ടുണ്ട്. നിലവിൽ ഓടുന്ന 11,000 ബസുകളിൽ പകുതിയിലധികവും പൂർണ സർവീസ് നടത്താത്ത സ്ഥിതിയാണെന്നും അവർ പറയുന്നു

പ്രിയദർശിനി വൻവിജയം; ‘ഞങ്ങളുടെ കഞ്ഞികുടി മുട്ടി’, സ്വകാര്യ ബസുടമകൾ, പ്രതിസന്ധിയിൽ

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിയായ ‘പ്രിയദർശിനി’ നൂറ് ദിവസം പിന്നിടുമ്പോൾ സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി വീണ്ടും ചർച്ചയാകുന്നു. പദ്ധതി വന്നതോടെ വരുമാനത്തിൽ വലിയ ഇടിവുണ്ടായെന്നാണ് സ്വകാര്യ ബസുടമകളുടെ ആരോപണം. പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഗതാഗത മന്ത്രി സി.പി. ജോണുമായി കൂടിക്കാഴ്ച നടത്താനാണ് ബസുടമകളുടെ തീരുമാനം.

സ്വകാര്യ ബസ് ഉടമകളുടെ കണക്കനുസരിച്ച് സംസ്ഥാനത്ത് ഏകദേശം 700 ബസുകൾ ഇതിനകം സർവീസ് നിർത്തിയിട്ടുണ്ട്. നിലവിൽ ഓടുന്ന 11,000 ബസുകളിൽ പകുതിയിലധികവും പൂർണ സർവീസ് നടത്താത്ത സ്ഥിതിയാണെന്നും അവർ പറയുന്നു. വരുമാനം കുറഞ്ഞതോടെ ജീവനക്കാർക്ക് കൃത്യമായി ശമ്പളം നൽകാൻ കഴിയാത്തതും സർവീസുകളെ ബാധിക്കുന്നതായി ഉടമകൾ ചൂണ്ടിക്കാട്ടുന്നു.

കൊല്ലം, പത്തനംതിട്ട, കോട്ടയം, വയനാട് ജില്ലകളിലാണ് പ്രശ്നം കൂടുതൽ രൂക്ഷമെന്നാണ് സ്വകാര്യ ബസ് മേഖലയിലെ സംഘടനകളുടെ വിലയിരുത്തൽ. നിരക്ക് വർധന, വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് പരിഷ്കരണം എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. നിലവിലെ വരുമാനനിലയിൽ ഇന്ധനച്ചെലവും ജീവനക്കാരുടെ വേതനവും ഉൾപ്പെടെയുള്ള പ്രവർത്തനച്ചെലവുകൾ കണ്ടെത്താൻ ബുദ്ധിമുട്ടുകയാണെന്നും ഉടമകൾ പറയുന്നു. മുമ്പും ചില മേഖലകളിൽ സർവീസുകൾ താൽക്കാലികമായി നിർത്തുന്നതിന് ജി-ഫോം നൽകുന്ന നടപടിയിലേക്ക് ഉടമകൾ നീങ്ങിയിരുന്നു.

സർക്കാർ നിയോഗിച്ച കെ. പദ്മകുമാർ സമിതിയുടെ നിർദേശങ്ങൾ കൊണ്ട് തങ്ങളുടെ പ്രധാന പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നില്ലെന്നും ബസുടമകൾ പരാതിപ്പെടുന്നു. ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം സർവീസ് നിർത്തിവച്ച് സമരം നടത്തേണ്ട സാഹചര്യമുണ്ടാകുമെന്ന് സ്വകാര്യ ബസ് ഉടമകളുടെ പ്രതിനിധി ഗോപിനാഥൻ മുന്നറിയിപ്പ് നൽകി. അതേസമയം, ‘പ്രിയദർശിനി’ പദ്ധതിയിലൂടെ ജൂൺ 15 മുതൽ നൂറാം ദിവസം വരെ കോടിക്കണക്കിന് സൗജന്യ യാത്രകളാണ് നടന്നത്. സെപ്റ്റംബർ 22ന് പദ്ധതി 100 ദിവസം പൂർത്തിയാകുമ്പോൾ ഏകദേശം 13 കോടി സൗജന്യ യാത്രകൾ രേഖപ്പെടുത്തിയതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.