പ്രവാസികളുടെ കനിവിൽ ജീവൻ തിരികെപ്പിടിച്ച് ഷിജു; തുടര്‍ ചികിത്സയ്ക്കായി തിരുവനന്തപുരത്തെത്തിച്ചു
സൗദിയിലെ അൽ അഹ്സയിൽ ജോലിസ്ഥലത്ത് കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ കന്യാകുമാരി സ്വദേശി ഷിജു, മൂന്നുമാസത്തെ ആശുപത്രി ചികിത്സക്ക് ശേഷം സുമനസ്സുകളുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങി
അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് സൗദി അറേബ്യയിൽ ചികിത്സയിലായിരുന്ന കന്യാകുമാരി കുലശേഖരം സ്വദേശി ഷിജു, സാമൂഹിക പ്രവർത്തകരുടെയും സുമനസ്സുകളുടെയും പിന്തുണയോടെ തുടർചികിത്സയ്ക്കായി നാട്ടിലെത്തി. അൽ അഹ്സ്സയിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്യവേ മൂന്ന് മാസം മുൻപാണ് ഷിജുവിന് കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് വീണ് അപകടമുണ്ടായത്. തലയ്ക്കും കഴുത്തിനും തോളിനും ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ദമ്മാം അൽ മുവാസാത്ത് ആശുപത്രിയിൽ മൂന്ന് മാസത്തോളമായി ചികിത്സയിലായിരുന്നു. ഭാര്യയും ഒരു വയസ്സുള്ള കുഞ്ഞുമടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം.
ഇന്ത്യൻ എംബസി വളന്റീയർ മണിക്കുട്ടന്റെയും സെയ്ഹാത്തിലെ സുഹൃത്തുക്കളുടെയും നിരന്തരമായ പരിചരണവും പിന്തുണയുമാണ് ഷിജുവിന്റെ ആരോഗ്യനിലയിൽ വലിയ പുരോഗതിയുണ്ടാക്കിയത്. തുടർന്ന് മണിക്കുട്ടൻ, മഞ്ജു മണിക്കുട്ടൻ എന്നിവരുടെ നേതൃത്വത്തിൽ ശ്രീലങ്കൻ എയർലൈൻസിന്റെ വീൽചെയർ ടിക്കറ്റിൽ അദ്ദേഹത്തെ നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കി. ഷിജുവിന്റെ നിർധനാവസ്ഥ പരിഗണിച്ച് ആശുപത്രി ബിൽ തുക പൂർണ്ണമായും ഒഴിവാക്കി നൽകാൻ അൽ മുവാസാത്ത് ആശുപത്രി എച്ച്.ആർ മാനേജർ തയ്യാറായി.
റിയാദ് ഇന്ത്യൻ എംബസി വെൽഫെയർ വിഭാഗം കൗൺസിലർ ഷബീർ, അൽ അഹ്സയിലെ ഇന്ത്യൻ വളന്റീയർ വിക്രമൻ, ടാൻസ്വ ഭാരവാഹി ജി. സെൽവകുമാർ എന്നിവരുടെ ഏകോപനത്തിലാണ് നാട്ടിൽ നിന്നുള്ള മെഡിക്കൽ എസ്‌കോർട്ടിനെയും ആംബുലൻസും ലഭ്യമാക്കിയത്. ദമ്മാമിൽ നിന്ന് വ്യാഴാഴ്ച പുറപ്പെട്ട ഷിജു, മെഡിക്കൽ നഴ്സ് ആൽവിനൊപ്പം വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി. അവിടെനിന്ന് ഷാലോം ആശുപത്രിയുടെ ആംബുലൻസിൽ അദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് മാറ്റി.
ഷിജുവിന് സൗജന്യ ചികിത്സയും യാത്രാസൗകര്യങ്ങളും ഒരുക്കാൻ സഹായിച്ച അൽ മുവാസാത്ത് ആശുപത്രി അധികൃതർ, സൗദി ഭരണകൂടം, റിയാദ് ഇന്ത്യൻ എംബസി, സ്പോൺസർ, മണിക്കുട്ടൻ, മഞ്ജു മണിക്കുട്ടൻ, സെയ്ഹാത്തിലെ സുഹൃത്തുക്കൾ, സാമൂഹിക പ്രവർത്തകൻ സുരേഷ് ഭാരതി ഉൾപ്പെടെയുള്ള മറ്റു വളന്റീയർമാർ എന്നിവർക്ക് ഷിജുവിന്റെ കുടുംബം തങ്ങളുടെ ആഴമേറിയ നന്ദി രേഖപ്പെടുത്തി.
Comments ()