ഓടുന്ന ട്രെയിനിലെ വിവാദ പൂജ: 3 ലക്ഷം രൂപയ്ക്ക് ബുക്ക് ചെയ്ത സലൂൺ കോച്ചാണെന്ന് റെയിൽവേയുടെ വിശദീകരണം
ഐആര്‍സിടിസി വഴി ഒരു സ്വകാര്യവ്യക്തി ബുക്ക് ചെയ്ത സലൂണ്‍ കോച്ചിലാണ് പൂജ നടന്നതെന്ന് നോര്‍ത്തേണ്‍ റെയില്‍വേ വ്യക്തമാക്കി.
ന്യൂഡല്‍ഹി: ഓടുന്ന ട്രെയിനില്‍ വിപുലമായ രീതിയില്‍ പൂജ നടത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ചതിനെത്തുടര്‍ന്ന് വിശദീകരണവുമായി ഇന്ത്യന്‍ റെയില്‍വേ രംഗത്തെത്തി. ഐആര്‍സിടിസി വഴി ഒരു സ്വകാര്യവ്യക്തി ബുക്ക് ചെയ്ത സലൂണ്‍ കോച്ചിലാണ് പൂജ നടന്നതെന്ന് നോര്‍ത്തേണ്‍ റെയില്‍വേ വ്യക്തമാക്കി. ജൂലൈ പത്തിന് ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കുള്ള പശ്ചിം എക്‌സ്പ്രസ് യാത്രയ്ക്കിടെയായിരുന്നു സംഭവം. ഈ പൂജയുടെ ദൃശ്യങ്ങള്‍ പിന്നീട് പ്രചരിച്ചതോടെയാണ് വ്യാപകമായ പ്രതികരണങ്ങള്‍ ഉയര്‍ന്നത്.
ജൂലൈ 8-ന് മൂന്ന് ലക്ഷം രൂപ അഡ്വാന്‍സ് തുകയായി അടച്ച് ബുക്ക് ചെയ്ത കോച്ചിലാണ് പൂജ നടത്തിയതെന്നും റെയില്‍വേയുടെ വിശദീകരണത്തിലുണ്ട്. ട്രെയിന്‍ സര്‍വീസിന്റെ സുരക്ഷയ്ക്കും കൃത്യനിഷ്ഠതയ്ക്കുമായിരുന്നു തങ്ങള്‍ പ്രഥമ പരിഗണന നല്‍കിയതെന്നും, യാത്രക്കാരുടെ സുരക്ഷയും സെക്യൂരിറ്റിയും പൂര്‍ണ്ണമായി ഉറപ്പാക്കിയിരുന്നതായും അധികൃതര്‍ വ്യക്തമാക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആര്‍ക്കും പരിക്കുകളോ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടായിട്ടില്ലെന്നും റെയില്‍വേ കൂട്ടിച്ചേര്‍ത്തു. ട്രെയിന്‍ കോച്ചിന്റെ നടുവിലിരുന്ന് പൂജാരി പൂജ നടത്തുന്നതും, കുറച്ചുപേര്‍ അദ്ദേഹത്തിന് അഭിമുഖമായി ഇരുന്ന് ചടങ്ങുകളില്‍ പങ്കെടുക്കുന്നതുമാണ് പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ളത്. ചടങ്ങില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗം പേരും വെള്ള വസ്ത്രമാണ് ധരിച്ചിരുന്നത്.
Comments ()