ട്രംപിന് പറക്കാന്‍ ഖത്തറിന്റെ സമ്മാനം, നവീകരണ ചെലവ് 3700 കോടിയിലേറെ

മുപ്പത്തിയഞ്ചിലധികം വര്‍ഷങ്ങളായി അമേരിക്കന്‍ പ്രസിഡന്റുമാരുടെ ലോകസഞ്ചാരങ്ങള്‍ക്ക് ചിറകേകിയ 'എയര്‍ഫോഴ്‌സ് വണ്‍' വിമാനങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാകുന്നു.

ട്രംപിന് പറക്കാന്‍ ഖത്തറിന്റെ സമ്മാനം, നവീകരണ ചെലവ് 3700 കോടിയിലേറെ

വാഷിംഗ്ടണ്‍: മുപ്പത്തിയഞ്ചിലധികം വര്‍ഷങ്ങളായി അമേരിക്കന്‍ പ്രസിഡന്റുമാരുടെ ലോകസഞ്ചാരങ്ങള്‍ക്ക് ചിറകേകിയ 'എയര്‍ഫോഴ്‌സ് വണ്‍' വിമാനങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാകുന്നു. നിലവിലുള്ള വിമാനങ്ങള്‍ക്ക് പകരമായി, അത്യാധുനിക സാങ്കേതിക സൗകര്യങ്ങളുള്ള മൂന്ന് പുതിയ വിമാനങ്ങളാണ് വൈറ്റ് ഹൗസ് പുതുതായി വ്യോമസേനയുടെ ഭാഗമാക്കുന്നത്. പഴയ വിമാനങ്ങള്‍ വ്യോമസേനയുടെ ഭാഗമായി തുടരുമെങ്കിലും പുതിയ ആഡംബര വിമാനം എത്തുന്നതോടെ ഇവയുടെ ഔദ്യോഗിക ദൗത്യം അവസാനിക്കും.

പഴയ വിമാനങ്ങളോട് വിടപറഞ്ഞ് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ സോഷ്യല്‍ മീഡിയയില്‍ വൈകാരിക കുറിപ്പുകളിട്ടു. വ്യാഴാഴ്ച പുലര്‍ച്ചെ വാഷിംഗ്ടണിന് സമീപം ലാന്‍ഡ് ചെയ്ത ബോയിംഗ് 747-200 വിമാനത്തിന്റെ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചാണ് ഉദ്യോഗസ്ഥര്‍ സോഷ്യല്‍ മീഡിയയില്‍ കുറിപ്പുകള്‍ പങ്കുവെച്ചത്.

നല്ലവനും വിശ്വസ്തനുമായവനെ നിനക്ക് നന്ദി'-എന്നായിരുന്നു വിമാനത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ സ്റ്റീവ് ചീങ് എക്സില്‍ കുറിച്ചത്. 'ഞാന്‍ ഭാഗ്യവാന്‍, 5 വര്‍ഷം ഈ വിമാനത്തില്‍ ലോകം ചുറ്റാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു' എന്നാണ് വൈറ്റ് ഹൗസ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ഡാന്‍ സ്‌കാവീനോ കുറിച്ചത്.

അതേസമയം, പുതിയ വിമാനം എപ്പോള്‍ വാഷിംഗ്ടണില്‍ എത്തിക്കുമെന്ന കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല. ഈ വേനല്‍ക്കാലത്ത് തന്നെ പുതിയ വിമാനം ഔദ്യോഗികമായി പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്. നിലവിലെ വിമാനങ്ങള്‍ക്ക് പകരമായി ബോയിംഗ് 747-800 വിമാനങ്ങളാണ് ഇനി എയര്‍ഫോഴ്സ് വണ്‍ ആയി മാറുക.

ഖത്തറില്‍ നിന്ന് ലഭ്യമാക്കിയ വിമാനം പൂര്‍ണ്ണമായി അഴിച്ചുപണിത് അത്യാധുനിക രീതിയില്‍ നവീകരിച്ചു. അമേരിക്കന്‍ രഹസ്യാന്വേഷണ സംഘടനകളുടെയും സുരക്ഷാ ഏജന്‍സികളുടെയും നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് അതീവ സുരക്ഷാ-ആശയവിനിമയ സംവിധാനങ്ങള്‍ ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഏകദേശം 400 മില്യണ്‍ ഡോളറില്‍ താഴെയാണ് ഈ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിച്ചത്.