സംസ്ഥാനത്ത് ഇന്നും മഴ മുന്നറിയിപ്പ്; 11 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റോടെയും മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി
തിരുവനന്തപുരം: കേരളത്തിൽ മഴയുടെ ശക്തി ഇന്നും തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ, വടക്കൻ ജില്ലകളിൽ കൂടുതൽ മഴ ലഭിക്കുമെന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ മുതൽ കാസർകോട് വരെയുള്ള 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റോടെയും മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.
തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ മധ്യകേരള തീരം വരെ തീരദേശ ന്യൂനമർദ പാത്തി നിലനിൽക്കുന്നതും, കിഴക്കൻ മധ്യപ്രദേശിന് മുകളിലുള്ള ശക്തമായ ന്യൂനമർദ മേഖലയുമാണ് മഴയ്ക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. അടുത്ത 24 മണിക്കൂറിനുള്ളിൽ ഈ ന്യൂനമർദം മധ്യപ്രദേശ് വഴിയും തെക്കുപടിഞ്ഞാറൻ ഉത്തർപ്രദേശ് ഭാഗങ്ങളിലേക്കും നീങ്ങി ക്രമേണ ശക്തി കുറയാനാണ് സാധ്യത.
ജൂലൈ 10 വരെ കേരളത്തിലും മാഹിയിലും വ്യാപകമായി നേരിയതോ മിതമായതോ ആയ മഴ തുടരുമെന്നും ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇതിനിടെ, മോശം കാലാവസ്ഥയും കടലിൽ ശക്തമായ കാറ്റിനുള്ള സാധ്യതയും കണക്കിലെടുത്ത് കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ നാളെ വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില ഘട്ടങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
Comments ()