സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്; മറ്റന്നാള്‍ മുതല്‍ മഴയ്ക്ക് സാധ്യത
മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്കൊപ്പം കടുത്ത ചൂടിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച മുതൽ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച പാലക്കാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലും ബുധനാഴ്ച കണ്ണൂർ, വയനാട്, കോഴിക്കോട്, ഇടുക്കി ജില്ലകളിലുമാണ് യെല്ലോ അലർട്ട് ഉള്ളത്.
അതേസമയം, ഇന്നും നാളെയും അന്തരീക്ഷ താപനില സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. വർധിച്ചുവരുന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കിയേക്കാം. അതിനാൽ പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക, ദാഹമില്ലെങ്കിലും പരമാവധി ശുദ്ധജലം കുടിക്കുക, നിർജലീകരണത്തിന് കാരണമാകുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് പാനീയങ്ങൾ എന്നിവ പകൽ സമയത്ത് ഒഴിവാക്കുക എന്നിവ കർശനമായി പാലിക്കണം. അയഞ്ഞ ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങളും പാദരക്ഷകളും ധരിക്കാനും പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കാനും കാലാവസ്ഥാ വകുപ്പ് നിർദേശിക്കുന്നു.
Comments ()