സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ ലഭിക്കുന്നതോടെ ചൂടിന് ശമനം ആയേക്കുമെന്നാണ് പ്രതീക്ഷ.

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും നാളെയും (സെപ്റ്റംബർ 15, 16) ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും നാളെ നാല് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ ലഭിക്കുന്നതോടെ സംസ്ഥാനത്തെ കടുത്ത ചൂടിന് നേരിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ. കൂടാതെ, ഇന്ന് പുലർച്ചെ മുതൽ 150 മെഗാവാട്ട് അധിക കേന്ദ്ര വിഹിതം ലഭിച്ചു തുടങ്ങിയത് നിലവിലെ വൈദ്യുതി പ്രതിസന്ധിക്കും ശമനമേകും.

മനുഷ്യരുടെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും ഗാർഹിക ഉപകരണങ്ങൾക്കും ഒരുപോലെ വലിയ നാശനഷ്ടമുണ്ടാക്കുന്ന ഇടിമിന്നലിനെതിരെ പൊതുജനങ്ങൾ കടുത്ത ജാഗ്രത പാലിക്കണം. കാർമേഘങ്ങൾ കണ്ടുതുടങ്ങുന്ന സമയം മുതൽ തന്നെ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും നേരിട്ട് ദൃശ്യമാകണമെന്നില്ലാത്തതിനാൽ യാതൊരു കാരണവശാലും മുൻകരുതലുകൾ സ്വീകരിക്കുന്നതിൽ വീഴ്ച വരുത്തരുതെന്നും അധികൃതർ വ്യക്തമാക്കുന്നു.