മഴക്കെടുതി രൂക്ഷം; മൂന്ന് ജില്ലകൾ അതീവ ജാഗ്രതയിൽ, ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജരാകണമെന്ന് മുഖ്യമന്ത്രി
മന്ത്രിമാരുമായും ജില്ലാ കളക്ടർമാരുമായും നടത്തിയ അവലോകന യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി നിർദേശങ്ങൾ പുറപ്പെടുവിച്ചത്.
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയെ തുടർന്നുണ്ടായ ദുരിതാവസ്ഥ വിലയിരുത്തിയ മുഖ്യമന്ത്രി വി.ഡി. സതീശൻ അടിയന്തര സാഹചര്യം നേരിടാൻ എല്ലാ സംവിധാനങ്ങളും സജ്ജമാക്കാൻ നിർദേശം നൽകി. പ്രത്യേകിച്ച് ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഏത് അടിയന്തര സാഹചര്യവും നേരിടാൻ ജില്ലാ ഭരണകൂടം പൂർണ സജ്ജരായിരിക്കണമെന്ന് കളക്ടർമാർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്.
മന്ത്രിമാരുമായും ജില്ലാ കളക്ടർമാരുമായും നടത്തിയ അവലോകന യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി നിർദേശങ്ങൾ പുറപ്പെടുവിച്ചത്. മഴക്കെടുതി ബാധിച്ച ജില്ലകളിൽ അതത് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ നേരിട്ട് ക്യാമ്പ് ചെയ്ത് രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുമെന്നും അദ്ദേഹം അറിയിച്ചു.
ഇതിന്റെ ഭാഗമായി തിരുവനന്തപുരത്ത് സി.പി. ജോൺ, പത്തനംതിട്ടയിൽ പി.സി. വിഷ്ണുനാഥ്, കോട്ടയത്ത് മോൻസ് ജോസഫ്, ഇടുക്കിയിൽ അനൂപ് ജേക്കബ് എന്നിവർ ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. സംസ്ഥാനതല ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപന ചുമതല റവന്യൂ മന്ത്രി നിർവഹിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മഴക്കെടുതി രൂക്ഷമായ പ്രദേശങ്ങളിലെ എം.എൽ.എമാരുമായും മുഖ്യമന്ത്രി ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. രക്ഷാപ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ ജില്ലാ ഭരണകൂടങ്ങൾ തമ്മിൽ ഏകോപനം ശക്തമാക്കാനും നിർദേശിച്ചു.
Comments ()