കേരളത്തിൽ ഇന്നും മഴ തുടരും; തീരദേശ മേഖലകളിൽ ജാഗ്രത നിർദേശം
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കാസർകോട് ജില്ലകളിലാണ് ഇടത്തരം മഴയ്ക്ക് സാധ്യത. ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഴ ലഭിച്ചേക്കും.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവിൽ കേരളത്തിലെ ഒരു ജില്ലയ്ക്കും പ്രത്യേക കാലാവസ്ഥാ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ചില ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും മറ്റ് പ്രദേശങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കാസർകോട് ജില്ലകളിലാണ് ഇടത്തരം മഴയ്ക്ക് സാധ്യത. ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഴ ലഭിച്ചേക്കും.
വടക്കൻ ഝാർഖണ്ഡ്, തെക്കുപടിഞ്ഞാറൻ ബിഹാർ, തെക്കുകിഴക്കൻ ഉത്തർപ്രദേശ് എന്നിവയ്ക്ക് മുകളിലായി തുടരുന്ന തീവ്ര ന്യൂനമർദമാണ് നിലവിലെ കാലാവസ്ഥാ സാഹചര്യങ്ങൾക്ക് പിന്നിൽ. ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങി ഝാർഖണ്ഡ്, തെക്കുകിഴക്കൻ ഉത്തർപ്രദേശ്, വടക്കൻ ഛത്തീസ്ഗഢ് മേഖലകളിലൂടെ സഞ്ചരിക്കുമെന്നാണ് പ്രവചനം. തുടർന്ന് ന്യൂനമർദ മേഖലയായി ദുർബലപ്പെടാനും സാധ്യതയുണ്ട്.
ന്യൂനമർദത്തിന്റെ സ്വാധീനത്തിൽ കേരളത്തിൽ ഓഗസ്റ്റ് 23 വരെ വിവിധയിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ.
തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്
അതേസമയം കേരളം, ലക്ഷദ്വീപ്, പുതുച്ചേരി, തെക്കൻ തമിഴ്നാട് തീരങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് അധികൃതർ നിർദേശിച്ചു.
കേരളത്തിലെ മുഴുവൻ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് ഇന്ന് വൈകിട്ട് 5.30 വരെ 1.1 മുതൽ 1.8 മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
തിരമാലകൾ ശക്തമാകുന്നതിനൊപ്പം തീരദേശത്തെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനും കടലാക്രമണം ഉണ്ടാകാനും സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
Comments ()