കേരളത്തിൽ ഇന്നും മഴ തുടരും; നാല് ജില്ലകളിൽ യെല്ലോ അലർട്ട്, തീരദേശത്ത് ജാഗ്രത
തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കൻ ഒഡിഷയ്ക്കും മുകളിലായി രൂപപ്പെട്ട ന്യൂനമർദത്തിന്റെ സ്വാധീനഫലമായി ഓഗസ്റ്റ് 12 വരെ കേരളത്തിൽ മഴ തുടരാനാണ് സാധ്യത. മോശം കാലാവസ്ഥ കണക്കിലെടുത്ത് കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകരുതെന്നും കാലാവസ്ഥ വകുപ്പ് നിർദേശിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് പൂർണമായും ശമനമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മഴയ്ക്കൊപ്പം ചില പ്രദേശങ്ങളിൽ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കൻ ഒഡിഷയ്ക്കും മുകളിലായി രൂപപ്പെട്ട ന്യൂനമർദത്തിന്റെ സ്വാധീനഫലമായി ഓഗസ്റ്റ് 12 വരെ കേരളത്തിൽ മഴ തുടരാനാണ് സാധ്യത. മോശം കാലാവസ്ഥ കണക്കിലെടുത്ത് കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകരുതെന്നും കാലാവസ്ഥ വകുപ്പ് നിർദേശിച്ചു.
കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില സമയങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. അതിനാൽ മത്സ്യത്തൊഴിലാളികൾ പ്രത്യേക ജാഗ്രത പാലിക്കണം.
ഇതിനിടെ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളത്തിന്റെ വിവിധ തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ ജില്ലകളിലെ തീരങ്ങളിൽ ഇന്ന് വൈകിട്ട് 5.30 വരെ 1.2 മുതൽ 1.8 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാനിടയുണ്ട്. കന്യാകുമാരി തീരത്തും ഇന്ന് ഉച്ചയ്ക്ക് 2.30 വരെ 1.7 മുതൽ 1.8 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾക്ക് സാധ്യതയുണ്ട്.
കടലാക്രമണ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.
Comments ()