കേരളത്തിൽ ഇന്നും മഴ തുടരും; രണ്ടു ജില്ലകളില്‍ യെല്ലോ അലർട്ട്
വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടത്തരം മഴയ്ക്കൊപ്പം മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് ശമനമില്ല. ഇന്നും വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടത്തരം മഴയ്ക്കൊപ്പം മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
അതേസമയം, കേരള തീരത്ത് കടലാക്രമണ സാധ്യത കണക്കിലെടുത്ത് ജാഗ്രതാ നിർദേശം തുടരുകയാണ്. സംസ്ഥാനത്തെ മുഴുവൻ തീരദേശ ജില്ലകൾക്കും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം റെഡ് അലർട്ട് നൽകിയിട്ടുണ്ട്. നാളെ വൈകിട്ട് 5.30 വരെ കേരള തീരത്ത് 1.1 മീറ്റർ മുതൽ 1.8 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
താഴ്ന്ന പ്രദേശങ്ങളിലുള്ള തീരദേശ മേഖലകളിൽ കടൽവെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രത പാലിക്കണം. കടലിൽ പോകുന്നവരും തീരപ്രദേശങ്ങളിൽ താമസിക്കുന്നവരും അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.
നാളെയോടെ സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിലവിലെ വിലയിരുത്തൽ.
Comments ()