സംസ്ഥാനത്ത് മഴ ശക്തമാകും; അഞ്ച് ജില്ലകളിൽ യെല്ലോ ജാഗ്രത
ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റും അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്
തിരുവനന്തപുരം: കേരളത്തിൽ ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കൻ ജില്ലകളിൽ ശക്തമായ മഴ ലഭിക്കുമെന്ന പ്രവചനത്തെ തുടർന്ന് കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റും അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.
തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരളം വരെ തീരദേശ ന്യൂനമർദ പാത്തി സജീവമാണ്. ഇതിനൊപ്പം തെക്ക്-പടിഞ്ഞാറൻ ഉത്തർപ്രദേശിന് മുകളിലായി നിലനിൽക്കുന്ന ശക്തമായ ന്യൂനമർദ മേഖലയാണ് സംസ്ഥാനത്തെ മഴയ്ക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നതെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ഈ ന്യൂനമർദം വടക്ക്-കിഴക്കോട്ട് നീങ്ങുന്നതിനിടെ ശക്തി കുറയുമെന്നാണ് വിലയിരുത്തൽ.
നിലവിലെ അന്തരീക്ഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് ജൂലൈ 13 വരെ കേരളത്തിലും മാഹിയിലും മഴ തുടരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം, കടലിൽ കാറ്റിന്റെ ശക്തി വർധിക്കുമെന്നതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഇന്നും വിലക്ക് തുടരുകയാണ്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില സമയങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് അധികൃതർ നിർദേശിച്ചു.
Comments ()