രാജസ്ഥാനില് ബിജെപി മുന് എംഎല്എയെ ജനക്കൂട്ടം അടിച്ച് കൊലപ്പെടുത്തി
ഹരിയാന സ്വദേശിയായ അതര് സിങ് ഭദാനയാണ് കൊല്ലപ്പെട്ടത്.
ജയ്പൂര്: രാജസ്ഥാനിലെ ഭരത്പൂരില് പാറ പൊടിക്കല് കേന്ദ്രം വീണ്ടും തുറക്കുന്നതുമായി ഉണ്ടായ തര്ക്കത്തെത്തുടര്ന്ന് മുന് ബിജെപി എംഎല്എ അതര് സിങ് ഭദാന ജനക്കൂട്ടത്തിന്റെ മര്ദ്ദനമേറ്റ് കൊല്ലപ്പെട്ടു. ഹരിയാന സ്വദേശിയാണ് കൊല്ലപ്പെട്ടത്. പ്രദേശത്തെ പുല്മേട് കയ്യേറി ഖനനം നടത്തുന്നുവെന്നാരോപിച്ച് നാട്ടുകാര് കുറച്ചുകാലമായി പ്രതിഷേധത്തിലായിരുന്നു. ഒരു വര്ഷമായി അടഞ്ഞു കിടന്നിരുന്ന ഈ കേന്ദ്രം പുനഃരാരംഭിക്കാനുള്ള ശ്രമങ്ങളാണ് സംഘര്ഷത്തില് കലാശിച്ചത്.
കഴിഞ്ഞ കുറേ ദിവസങ്ങളായി സമാധാനപരമായി പ്രതിഷേധം നടത്തിവരികയായിരുന്നെങ്കിലും, ഞായറാഴ്ച വൈകുന്നേരത്തോടെ ആളുകളുമായിയെത്തി സിങ് തങ്ങളെ തുരത്താന് ശ്രമിച്ചെന്നാണ് നാട്ടുകാരുടെ ആരോപണം. തുടര്ന്നുണ്ടായ സംഘര്ഷത്തിനിടെ സിങ്ങിനെയും സുഹൃത്ത് ഗഗന് ശര്മയെയും നാട്ടുകാര് വടിയും കല്ലും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആദ്യം സമീപത്തെ ആശുപത്രിയിലും പിന്നീട് ജയ്പൂരിലെ എസ്എംഎസ് ആശുപത്രിയിലേക്കും മാറ്റിയിരുന്നു. തുടര്ന്ന് ഭരത്പൂരിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന് ഡോക്ടര്മാര് നിര്ദേശിച്ചതിന് പിന്നാലെയാണ് മരണം സംഭവിച്ചത്. സംഭവത്തെ തുടര്ന്ന് പ്രദേശത്ത് വന് പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. മുന് എംഎല്എയുടെ മൃതദേഹം പോസ്റ്റ്മോര്ട്ടത്തിനായി മോര്ച്ചറിയില് സൂക്ഷിച്ചിരിക്കുകയാണ്.
Comments ()