ബോക്സ് ഓഫീസിൽ ബ്രഹ്മാണ്ഡ തരംഗം; നാല് ദിവസം കൊണ്ട് 500 കോടി നേട്ടത്തിലേക്ക്; തരംഗമായി 'രാമായണ'

നാല് ദിവസം കൊണ്ട് 499 കോടി നേട്ടമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.

ബോക്സ് ഓഫീസിൽ ബ്രഹ്മാണ്ഡ തരംഗം; നാല് ദിവസം കൊണ്ട് 500 കോടി നേട്ടത്തിലേക്ക്; തരംഗമായി 'രാമായണ'

ഇന്ത്യൻ സിനിമ ആകാംക്ഷയോടെ കാത്തിരുന്ന നിതേഷ് തിവാരിയുടെ ബ്രഹ്മാണ്ഡ ചിത്രം 'രാമായണം' തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നു. ഐതിഹാസിക കഥയെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ ശ്രീരാമനായി ബോളിവുഡ് താരം രൺബീർ കപൂറും, രാവണനായി കന്നഡ താരം യഷും വേഷമിടുന്നു. തെന്നിന്ത്യൻ പ്രിയതാരം സായ് പല്ലവിയാണ് സീതാദേവിയായി ചിത്രത്തിൽ എത്തുന്നത്. റിലീസ് ചെയ്ത നാൾ മുതൽ ആഗോള ബോക്സ് ഓഫീസിൽ റെക്കോർഡ് കളക്ഷനാണ് ചിത്രം സ്വന്തമാക്കുന്നത്. റിലീസ് ചെയ്ത് വെറും നാല് ദിവസം കൊണ്ടാണ് ചിത്രം 499 കോടി രൂപയുടെ വലിയ കളക്ഷൻ നേട്ടം കൈവരിച്ചത്.

നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, എട്ട് തവണ ഓസ്കർ പുരസ്കാരം നേടിയിട്ടുള്ള പ്രമുഖ വിഷ്വൽ ഇഫക്റ്റ്സ് സ്റ്റുഡിയോയായ ഡിഎൻഇജി (DNEG), യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവർ സംയുക്തമായാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് എന്നീ അഞ്ച് പ്രധാന ഭാഷകളിലായാണ് ചിത്രം തിയേറ്ററുകളിൽ എത്തിയിരിക്കുന്നത്.

സോണി പിക്ചേഴ്സ് ആണ് ചിത്രത്തിന്റെ അന്താരാഷ്ട്ര വിതരണം ഏറ്റെടുത്തിരിക്കുന്നത്. ഉത്തരേന്ത്യയിൽ പ്രമുഖ ബാനറായ ധർമ്മ പ്രൊഡക്ഷൻസാണ് ചിത്രം തിയേറ്ററുകളിലെത്തിച്ചിട്ടുള്ളത്. ഇന്ത്യൻ സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ താരനിരയാണ് ഈ ഇതിഹാസ ചിത്രത്തിനായി അണിനിരന്നിരിക്കുന്നത്. ഇന്ത്യയിലും ലോകമെമ്പാടുമുള്ള തലമുറകൾ ഏറെ ആരാധിക്കുന്ന ധർമ്മബോധത്തിന്റെ പ്രതീകമായ ശ്രീരാമനെയാണ് രൺബീർ കപൂർ വളരെ മനോഹരമായി അവതരിപ്പിക്കുന്നത്. ഒപ്പം, സീതാദേവിയായി എത്തുന്ന സായ് പല്ലവി കഥാപാത്രത്തിന് ആവശ്യമായ ലാളിത്യവും കരുത്തും അനുകമ്പയും തികച്ചും ആഴത്തിൽ പകർന്നു നൽകിയിട്ടുണ്ട്.