അപ്രതീക്ഷിത മഴയിൽ റാന്നി വെള്ളത്തിനടിയിൽ; ടൗൺ ഒറ്റപ്പെട്ടു, രക്ഷാപ്രവർത്തനം ഊർജിതം
വെള്ളപ്പൊക്കത്തിൽ വീടുകളിൽ കുടുങ്ങിയ നിരവധി പേരെ അഗ്നിരക്ഷാസേനയും മറ്റ് രക്ഷാസേനകളും ഡിങ്കി ബോട്ടുകളുടെ സഹായത്തോടെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. വീടുകളുടെ മുകൾനിലകളിൽ അഭയം തേടിയവരെയും രക്ഷപ്പെടുത്തി. കൂടുതൽ ബോട്ടുകൾ പ്രദേശത്ത് എത്തിച്ച് രക്ഷാപ്രവർത്തനം വ്യാപിപ്പിച്ചിരിക്കുകയാണ്.
തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്ത കനത്ത മഴ പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ വ്യാപക നാശനഷ്ടങ്ങൾ സൃഷ്ടിച്ചു. പമ്പാ നദിയിലെ ജലനിരപ്പ് അതിവേഗം ഉയർന്നതോടെ റാന്നി ടൗണിന്റെ വിവിധ ഭാഗങ്ങൾ വെള്ളത്തിനടിയിലായി. പ്രധാന റോഡുകൾ മുങ്ങിയതോടെ പ്രദേശം ഏതാണ്ട് ഒറ്റപ്പെട്ട നിലയിലാണ്.
റാന്നി–വടശ്ശേരിക്കര റോഡ് പൂർണമായും വെള്ളത്തിനടിയിലായതിനാൽ ഗതാഗതം നിലച്ചു. ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലേക്കും വെള്ളം കയറിയതോടെ വ്യാപാരികൾക്ക് വലിയ നഷ്ടമാണ് നേരിട്ടത്. അതേസമയം, പ്രദേശത്ത് വൈദ്യുതി വിതരണം സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വിച്ഛേദിച്ചു.
വെള്ളപ്പൊക്കത്തിൽ വീടുകളിൽ കുടുങ്ങിയ നിരവധി പേരെ അഗ്നിരക്ഷാസേനയും മറ്റ് രക്ഷാസേനകളും ഡിങ്കി ബോട്ടുകളുടെ സഹായത്തോടെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. വീടുകളുടെ മുകൾനിലകളിൽ അഭയം തേടിയവരെയും രക്ഷപ്പെടുത്തി. കൂടുതൽ ബോട്ടുകൾ പ്രദേശത്ത് എത്തിച്ച് രക്ഷാപ്രവർത്തനം വ്യാപിപ്പിച്ചിരിക്കുകയാണ്.
പമ്പാ നദിക്ക് കുറുകെയുള്ള അരയാഞ്ഞിലിമണ്ണ് കോസ്‌വേയും വെള്ളത്തിനടിയിലായതോടെ പ്രദേശത്തെ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ജലനിരപ്പ് ഉയർന്നതാണ് സ്ഥിതിഗതികൾ ഗുരുതരമാക്കിയത്.
റാന്നി ടൗൺ വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ പ്രദേശത്തിന്റെ സ്ഥിതി കൂടുതൽ വ്യക്തമായി. മഴ തുടരുന്ന സാഹചര്യത്തിൽ പമ്പാ തീരത്ത് താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും ആവശ്യമായാൽ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നും അധികൃതർ നിർദേശിച്ചു.
Comments ()