കൊച്ചിയിലെ ഡോക്ടറുടെ ഫോണിൽ 12 യുവതികളുടെ സ്വകാര്യ​​ദൃശ്യങ്ങൾ; ഡോക്ടർ ഒളിവിൽ

യുവതികളുടെ പരാതി ലഭിച്ചാൽ ഡോക്ടർക്കെതിരേ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യും.

കൊച്ചിയിലെ ഡോക്ടറുടെ ഫോണിൽ 12 യുവതികളുടെ സ്വകാര്യ​​ദൃശ്യങ്ങൾ; ഡോക്ടർ ഒളിവിൽ

കൊച്ചി: കൊച്ചിയിലെ ഡോക്ടർക്കെതിരായ പീഡനക്കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. കേസിൽ പ്രതിയായ ഡോ. ജോൺസൺ കെ. വർഗീസിന്റെ (41) മൊബൈൽ ഫോണിൽനിന്ന് പന്ത്രണ്ടോളം യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തു. യുവതികൾക്കൊപ്പമുള്ള സ്വകാര്യ നിമിഷങ്ങൾ ഇയാൾ ഫോണിൽ പകർത്തി സൂക്ഷിക്കുകയായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ദൃശ്യങ്ങളിൽ ഉൾപ്പെട്ട യുവതികളുടെ പരാതി ലഭിക്കുന്ന മുറയ്ക്ക് ഡോക്ടർക്കെതിരെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യും. അതേസമയം, സംഭവം പുറത്തുവന്നതോടെ ഒളിവിൽ പോയ ഡോക്ടർക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാനുള്ള നീക്കത്തിലാണ് പൊലീസ്.

യുവനടിയും സുഹൃത്തായ നടനും അടങ്ങുന്ന 12 അംഗ സംഘം ഡോക്ടറെ മർദിച്ച് മൊബൈൽ ഫോണുകൾ ഉൾപ്പെടെ 3.25 ലക്ഷം രൂപയുടെ സാധനങ്ങൾ കവർന്നെന്ന കേസിലെ അന്വേഷണത്തിനിടെയാണ് പീഡനവിവരം വെളിച്ചത്തുവന്നത്. കേസിലെ പുതിയ വഴിത്തിരിവിനെ തുടർന്ന് യുവനടിയുടെ ബന്ധുവായ സ്ത്രീ ഡോക്ടർക്കെതിരെ ലൈംഗിക പീഡന പരാതി നൽകുകയായിരുന്നു. തുടർന്നാണ് ഡോ. ജോൺസൺ കെ. വർഗീസിനെ പ്രതിയാക്കി പൊലീസ് കേസെടുത്തത്.

ചികിത്സയ്ക്കെന്ന വ്യാജേന ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി മർദിക്കുകയും ഫോണുകൾ, സ്മാർട്ട് വാച്ച്, ഇയർപോഡ് എന്നിവ കവരുകയും ചെയ്തുവെന്നായിരുന്നു ഡോക്ടറുടെ പ്രാഥമിക പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ നടിയെയും നടനായ സുഹൃത്തിനെയും മറ്റൊരു പ്രതിയെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ആകെ 12 പ്രതികളാണ് ഈ കേട്ടതിലുള്ളത്.

തുടക്കത്തിൽ ഹണിട്രാപ്പോ ബ്ലാക്ക്‌മെയിലിംഗോ ആണെന്ന സംശയത്തിൽ അന്വേഷണം നടത്തിയ പൊലീസിന് നടി നൽകിയ മൊഴിയാണ് വഴിത്തിരിവായത്. തന്റെ ബന്ധുവായ സ്ത്രീയുമായി ഡോക്ടർക്കുണ്ടായിരുന്ന അടുപ്പവും അതിനെച്ചൊല്ലിയുള്ള തർക്കങ്ങളുമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് നടി വെളിപ്പെടുത്തി. ഡോക്ടറുടെ ഫോണിലുണ്ടായിരുന്ന ബന്ധുവിന്റെ സ്വകാര്യ ദൃശ്യങ്ങൾ നീക്കം ചെയ്യാനാണ് ഇയാളെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയതെന്നും അതിനാണ് ഫോൺ പിടിച്ചെടുത്തതെന്നും പ്രതികൾ മൊഴി നൽകി.

പ്രതികൾ പൊലീസിന് കൈമാറിയ ഡോക്ടറുടെ ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് കൂടുതൽ യുവതികളുടെ ദൃശ്യങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ സമഗ്രമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.