രണ്ട് തലകളും ഒരു ശരീരവും; വൈദ്യലോകത്തെ അമ്പരപ്പിച്ച് അപൂർവ ജനനം; കുഞ്ഞ് വിദഗ്ധ നിരീക്ഷണത്തിൽ
വൈദ്യശാസ്ത്രത്തിൽ ‘ഡൈസെഫാലിസ് പാരപാഗസ്’ എന്നറിയപ്പെടുന്ന അപൂർവ ജന്മാവസ്ഥയാണിത്. കന്ധമാൽ ജില്ലയിലെ തുമുദിബന്ധ് സ്വദേശിയായ ദിവസവേതന തൊഴിലാളിയുടെ ആദ്യ കുഞ്ഞാണ് ജനിച്ചത്
ഭുവനേശ്വർ: ഒഡിഷയിലെ കന്ധമാൽ ജില്ലയിൽ രണ്ട് തലകളും രണ്ട് കഴുത്തുകളുമുള്ള ആൺകുഞ്ഞ് ജനിച്ചത് വൈദ്യലോകത്തിന്റെ ശ്രദ്ധയിൽ. ഒറ്റ ശരീരത്തിൽ രണ്ട് തലകളുമായി ജനിച്ച കുഞ്ഞിനെ വിദഗ്ധ ചികിത്സയ്ക്കായി ബെർഹാംപൂരിലെ എംകെസിജി മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രത്യേക നവജാത ശിശു പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഒക്ടോബർ 10ന് സിസേറിയനിലൂടെയാണ് കുഞ്ഞിന്റെ ജനനം. നിലവിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് കുട്ടി.
വൈദ്യശാസ്ത്രത്തിൽ ‘ഡൈസെഫാലിസ് പാരപാഗസ്’ എന്നറിയപ്പെടുന്ന അപൂർവ ജന്മാവസ്ഥയാണിത്. കന്ധമാൽ ജില്ലയിലെ തുമുദിബന്ധ് സ്വദേശിയായ ദിവസവേതന തൊഴിലാളിയുടെ ആദ്യ കുഞ്ഞാണ് ജനിച്ചത്. ഗർഭാവസ്ഥയുടെ 32-ാം ആഴ്ചയിൽ തന്നെ പ്രസവം നടക്കുകയായിരുന്നു. രണ്ട് തലകളുണ്ടെങ്കിലും കുഞ്ഞിന് ഒരു ജോടി കൈകളും കാലുകളുമാണുള്ളത്. ആന്തരികാവയവങ്ങളുടെ ഘടന, പ്രവർത്തനം, നിലവിലെ ആരോഗ്യനില എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ മെഡിക്കൽ സംഘം പുറത്തുവിട്ടിട്ടില്ല.
ഇത്തരം അപൂർവ ജന്മാവസ്ഥകൾ വളരെ വിരളമായാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കുഞ്ഞിന്റെ ആരോഗ്യനില വിലയിരുത്തുന്നതിനായി തുടർപരിശോധനകൾ നടത്തിവരികയാണെന്നും അതിന്റെ അടിസ്ഥാനത്തിലായിരിക്കും ചികിത്സയുടെ അടുത്ത ഘട്ടം തീരുമാനിക്കുകയെന്നും ഡോക്ടർമാർ അറിയിച്ചു. ഒഡിഷയിൽ നേരത്തേ ശ്രദ്ധ നേടിയ ജഗ-കലിയ ഇരട്ട സഹോദരങ്ങളുടെ സംഭവവും പുതിയ ജനനത്തോടെ വീണ്ടും ചർച്ചയാകുന്നുണ്ട്.
Comments ()