കോഴഞ്ചേരി മാരാമൺ റിസോർട്ടിൽ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊന്നു; പ്രതി പിടിയിൽ
കൊലപാതകത്തിന് പിന്നിൽ പ്രണയനൈരാശ്യമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.
പത്തനംതിട്ട: കോഴഞ്ചേരി മാരാമണ്ണിലെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായ ഇരുപതുകാരി ദിൻഷ കുത്തേറ്റ് മരിച്ചു. കുളത്തൂപ്പുഴ സ്വദേശിനിയായ ദിൻഷയെ പ്രണയനൈരാശ്യത്തെ തുടർന്ന് സുഹൃത്ത് കീഴൂകര സ്വദേശി ജിത്തു കഴുത്തിൽ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ നടന്ന ദാരുണ സംഭവത്തിന് പിന്നിൽ പ്രണയബന്ധത്തിൽ നിന്നുള്ള ദിൻഷയുടെ പിന്മാറ്റമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൃത്യം നടത്തണമെന്ന ഉറച്ച തീരുമാനത്തോടെ ഓൺലൈൻ വഴി വാങ്ങിയ കത്തിയുമായാണ് പ്രതി സ്ഥലത്തെത്തിയത്. പത്തു മിനിറ്റോളം ദിൻഷയോട് പുറത്തുനിന്ന് സംസാരിച്ച ശേഷം, തന്നെ വഞ്ചിച്ചുവെന്ന് ഉറക്കെ ആക്രോശിച്ചുകൊണ്ട് പ്രതി യുവതിയുടെ കഴുത്തിൽ പലതവണ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ദിൻഷയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.
Comments ()