റെഡ് അലർട്ട്; വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി, അനാവശ്യ യാത്രകൾ ഒഴിവാക്കാൻ നിർദേശം
മതപഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, പരിശീലന സ്ഥാപനങ്ങൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവയും അവധിയുടെ പരിധിയിൽ ഉൾപ്പെടും. എന്നാൽ റസിഡൻഷ്യൽ സ്കൂളുകൾക്കും റസിഡൻഷ്യൽ കോളജുകൾക്കും അവധി ബാധകമല്ല
കൽപ്പറ്റ: ജില്ലയിൽ കനത്ത മഴയും റെഡ് അലർട്ടും തുടരുന്ന സാഹചര്യത്തിൽ വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ മുതൽ പ്രൊഫഷണൽ കോളജുകൾ വരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
മതപഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, പരിശീലന സ്ഥാപനങ്ങൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവയും അവധിയുടെ പരിധിയിൽ ഉൾപ്പെടും. എന്നാൽ റസിഡൻഷ്യൽ സ്കൂളുകൾക്കും റസിഡൻഷ്യൽ കോളജുകൾക്കും അവധി ബാധകമല്ല. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്വം സ്ഥാപന മേധാവികൾക്കാണെന്നും, സാഹചര്യം വിലയിരുത്തി ആവശ്യമായാൽ അവധി നൽകാമെന്നും കലക്ടർ വ്യക്തമാക്കി.
റെഡ് അലർട്ടിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും പൊതുജനങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അഭ്യർഥിച്ചു. വിനോദസഞ്ചാരികൾ സുരക്ഷിത കേന്ദ്രങ്ങളിൽ തന്നെ തുടരുകയും അധികൃതരുടെ നിർദേശങ്ങൾ കൃത്യമായി അനുസരിക്കുകയും വേണമെന്നും നിർദേശമുണ്ട്.
താമരശ്ശേരി ചുരം, ബോയ്സ് ടൗൺ–പാൽച്ചുരം റോഡ് എന്നിവ വഴി യാത്ര ചെയ്യുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം. മണ്ണിടിച്ചിലും മരം വീഴലും ഉൾപ്പെടെയുള്ള അപകടസാധ്യത നിലനിൽക്കുന്നതിനാൽ അത്യാവശ്യമല്ലാത്ത യാത്രകൾ പരമാവധി ഒഴിവാക്കി, അനിവാര്യമായ യാത്രകൾ മാത്രം നടത്തണമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.
Comments ()