സംഘർഷം വീണ്ടും രൂക്ഷം; ഹൊദൈദ തുറമുഖത്തിന് നേരെ സൗദി ആക്രമണം, വിമാന സർവീസുകൾ റദ്ദാക്കി

വടക്കൻ യെമനിലേക്ക് ഭക്ഷ്യവസ്തുക്കളും അവശ്യസാധനങ്ങളും എത്തിക്കുന്ന പ്രധാന കവാടമാണ് ഹൊദൈദ തുറമുഖം

സംഘർഷം വീണ്ടും രൂക്ഷം; ഹൊദൈദ തുറമുഖത്തിന് നേരെ സൗദി ആക്രമണം, വിമാന സർവീസുകൾ റദ്ദാക്കി

റിയാദ്: സൗദി സഖ്യസേനയും ഹൂതി വിമതരും തമ്മിലുള്ള ഏറ്റുമുട്ടൽ ശക്തമായതോടെ ചെങ്കടൽ മേഖലയിൽ വീണ്ടും സംഘർഷാവസ്ഥ. ഹൂതികളുടെ നിയന്ത്രണത്തിലുള്ള യെമനിലെ തന്ത്രപ്രധാനമായ ഹൊദൈദ തുറമുഖം ലക്ഷ്യമിട്ട് സൗദി സഖ്യസേന ആക്രമണം നടത്തിയതായി റിപ്പോർട്ട്. ഹൂതികൾക്ക് ആയുധങ്ങൾ എത്തിക്കുന്നത് തടയുകയാണ് നടപടിയുടെ ലക്ഷ്യമെന്നാണ് സഖ്യസേനയുടെ വിശദീകരണം.

സന, സാദ, തായിസ് മേഖലകളിലെ മിസൈൽ, ഡ്രോൺ നിർമാണ കേന്ദ്രങ്ങൾക്കും ആയുധശേഖരങ്ങൾക്കും നേരെയും ആക്രമണം നടത്തിയതായി സഖ്യസേന അറിയിച്ചു. വടക്കൻ യെമനിലേക്ക് ഭക്ഷ്യവസ്തുക്കളും അവശ്യസാധനങ്ങളും എത്തിക്കുന്ന പ്രധാന കവാടമാണ് ഹൊദൈദ തുറമുഖം. ആക്രമണത്തിന് മുന്നോടിയായി പ്രദേശത്തുനിന്ന് ഒഴിഞ്ഞുപോകാൻ സഖ്യസേന സാധാരണക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ തുറമുഖത്തിന്റെ പ്രവർത്തനം തടസ്സപ്പെട്ടിട്ടില്ലെന്നും ചരക്കുനീക്കം തുടരുകയാണെന്നും യെമൻ ഇൻഫർമേഷൻ മന്ത്രി വ്യക്തമാക്കി.

സൗദിയുടെ ആക്രമണത്തിന് തിരിച്ചടിയായി തെക്കൻ സൗദിയിലെ വൈദ്യുതി നിലയവും തുറമുഖവും ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഹൂതികൾ അവകാശപ്പെട്ടു. സൗദിക്ക് നേരെ തൊടുത്തുവിട്ട ഒരു ബാലിസ്റ്റിക് മിസൈലും രണ്ട് ഡ്രോണുകളും വ്യോമപ്രതിരോധ സംവിധാനം തകർത്തതായും റിപ്പോർട്ടുകളുണ്ട്. വരും മണിക്കൂറുകളിൽ ശക്തമായ വ്യോമാക്രമണം നടത്തുമെന്ന മുന്നറിയിപ്പും ഹൂതി വക്താവ് യഹ്യ സരീ നൽകിയിട്ടുണ്ട്.

സംഘർഷം വിമാനഗതാഗതത്തെയും ബാധിച്ചു. സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ഇന്ത്യൻ വിമാനക്കമ്പനികൾ സൗദിയിലേക്കുള്ള സർവീസുകൾ റദ്ദാക്കി. എയർ ഇന്ത്യ എക്സ്പ്രസ് റിയാദ്, ദമാം സർവീസുകൾ നവംബർ 30 വരെയും ജിദ്ദ സർവീസുകൾ നവംബർ 24 വരെയും നിർത്തിവച്ചു. ഇൻഡിഗോയുടെ സൗദിയിലേക്കുള്ള എല്ലാ സർവീസുകളും നവംബർ 30 വരെ റദ്ദാക്കിയിട്ടുണ്ട്.

ചെങ്കടൽ മേഖലയിലെ സുരക്ഷാ സാഹചര്യം കൂടുതൽ ആശങ്കാജനകമാകുന്നതിനിടെ തുടർനടപടികളിലേക്ക് രാജ്യങ്ങൾ നീങ്ങുകയാണ്.