അവസാന നിമിഷം ബസ് ക്യാൻസലായി, യാത്രക്കാരൻ ഫ്ലൈറ്റിൽ പോയി; റെഡ്ബസിനും ബസ് ഓപ്പറേറ്റർക്കും പിഴ

30 ദിവസത്തിനുള്ളിൽ പിഴ നൽകാനാണ് നിർദേശം

അവസാന നിമിഷം ബസ് ക്യാൻസലായി, യാത്രക്കാരൻ ഫ്ലൈറ്റിൽ പോയി; റെഡ്ബസിനും ബസ് ഓപ്പറേറ്റർക്കും പിഴ

നമ്മളില്‍ പലരും ദൂരയാത്രകള്‍ക്കായി വിവിധ സംസ്ഥാനങ്ങളെയും ജില്ലകളെയും ബന്ധിപ്പിച്ചു സര്‍വീസ് നടത്തുന്ന സ്ലീപ്പര്‍, സെമി സ്ലീപ്പര്‍ ബസുകളെ ആശ്രയിക്കാറുണ്ട്. ഇത്തരം യാത്രകള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ റെഡ്ബസ് പോലുള്ള തേര്‍ഡ് പാര്‍ട്ടി ആപ്പുകളാണ് ഭൂരിഭാഗം പേരും ഉപയോഗിക്കുന്നത്. എന്നാല്‍, ഇത്തരത്തില്‍ ആപ്പ് വഴി ടിക്കറ്റ് എടുത്തിട്ടും അവസാന നിമിഷം യാത്ര മുടങ്ങിപ്പോയ ഒരു യുവാവിന്റെ അനുഭവമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ബസ് ഓപ്പറേറ്ററുടെയും റെഡ്ബസ് അധികൃതരുടെയും കെടുകാര്യസ്ഥത മൂലം യാത്രക്കാരന് നേരിട്ട ദുരിതത്തിന് വലിയൊരു തുക നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്ത്ര കമ്മീഷന്‍ ഉത്തരവിട്ടിരിക്കുകയാണ്.

ഹിമാചല്‍ പ്രദേശിലെ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ ജൂലൈ നാലിനാണ് ഈ നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്. 2023 ഒക്ടോബര്‍ അഞ്ചിന് ജയന്ത് പട്ട്യാല്‍ എന്ന വ്യക്തി പലംപൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് യാത്ര ചെയ്യുന്നതിനായി ഭര്‍മാനി ട്രാവല്‍സിന്റെ ബസിലാണ് ടിക്കറ്റ് എടുത്തത്. റെഡ്ബസ് ആപ്പ് വഴി ബുക്ക് ചെയ്ത ഈ ടിക്കറ്റിന് 600 രൂപയായിരുന്നു നിരക്ക്.

രാത്രി 10.15ന് പുറപ്പെടേണ്ട ബസിനായി അര മണിക്കൂര്‍ മുന്‍പേ ജയന്ത് സ്റ്റേഷനിലെത്തിയിരുന്നു. എന്നാല്‍ ബസ് ഓപ്പറേറ്ററെ ബന്ധപ്പെട്ടപ്പോഴാണ് അങ്ങനെയൊരു സര്‍വീസ് ഇല്ലെന്ന വിവരവും അവസാന ബസ് രാത്രി 8 മണിക്ക് പോയെന്ന കാര്യവും അദ്ദേഹം അറിയുന്നത്. അടിയന്തരമായി ഡല്‍ഹിയില്‍ എത്തേണ്ടിയിരുന്നതിനാല്‍, 40 കിലോമീറ്റര്‍ അകലെയുള്ള വിമാനത്താവളത്തിലേക്ക് തിരിച്ച് ഫ്‌ലൈറ്റിലാണ് ജയന്ത് യാത്ര പൂര്‍ത്തിയാക്കിയത്.

ബസ് സര്‍വീസിനെക്കുറിച്ച് അറിഞ്ഞയുടന്‍ ജയന്ത് റെഡ്ബസിന്റെ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍ യാത്ര പുറപ്പെടാന്‍ വെറും 17 മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍, അതായത് രാത്രി 9.58നാണ് സര്‍വീസ് റദ്ദാക്കിയതായും തുക റീഫണ്ട് ചെയ്യുമെന്നുമുള്ള സന്ദേശം റെഡ്ബസില്‍ നിന്ന് ലഭിക്കുന്നത്.

ഇതിന് പിന്നാലെ തനിക്ക് നേരിട്ട സാമ്പത്തിക നഷ്ടവും മാനസിക ബുദ്ധിമുട്ടുകളും വിമാനയാത്രയ്ക്കായുള്ള അധികച്ചെലവും ചൂണ്ടിക്കാണിച്ചാണ് ജയന്ത് ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. എന്നാല്‍, തങ്ങള്‍ വെറും ഇടനിലക്കാര്‍ മാത്രമാണെന്നും ബസ് സമയക്രമം നിശ്ചയിക്കുന്നത് തങ്ങളല്ലെന്നുമായിരുന്നു റെഡ്ബസിന്റെ വാദം. ടിക്കറ്റ് തുകയായ 585 രൂപ ജയന്തിന് തിരികെ നല്‍കിയെന്നും 60 രൂപ വാലറ്റില്‍ നിക്ഷേപിച്ചെന്നും വ്യക്തമാക്കിയ അവര്‍, ടിക്കറ്റ് നിരക്കിന്റെ ഇരട്ടി തുക നല്‍കാമെന്ന് അറിയിച്ചിട്ടും ജയന്ത് അത് നിരസിച്ചതായും കോടതിയില്‍ പറഞ്ഞു. എന്നാല്‍, റെഡ്ബസ് വെറും ഒരു ഇടനിലക്കാരന്‍ മാത്രമല്ലെന്നും, ഉപഭോക്താവില്‍ നിന്ന് പണം ഈടാക്കുന്ന പ്ലാറ്റ്ഫോം എന്ന നിലയില്‍ കൃത്യമായ സേവനം ഉറപ്പാക്കാന്‍ അവര്‍ക്ക് ബാധ്യതയുണ്ടെന്നും കമ്മീഷന്‍ നിരീക്ഷിച്ചു.

തുടര്‍ന്ന് ഉപഭോക്തൃ കമ്മീഷന്‍ ഭര്‍മാനി ട്രാവല്‍സിന് നോട്ടീസ് അയച്ചെങ്കിലും അവരുടെ പ്രതിനിധികള്‍ ആരും തന്നെ സിറ്റിങ്ങിന് ഹാജരായില്ല. അന്ന് രാത്രി എന്തുകൊണ്ടാണ് സര്‍വീസ് നടത്താതിരുന്നതെന്ന് വിശദീകരിക്കാനും ട്രാവല്‍സ് തയ്യാറായില്ല. ഇതോടെയാണ് കമ്മീഷന്‍ കര്‍ശന നടപടിയിലേക്ക് കടന്നത്. ജയന്തിനുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് റെഡ്ബസും ഭര്‍മാനി ട്രാവല്‍സും സംയുക്തമായി 10,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കമ്മീഷന്‍ ഉത്തരവിട്ടു. 30 ദിവസത്തിനകം ഈ തുക കൈമാറാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.