'അനുയോജ്യനായ പങ്കാളിയെ കണ്ടെത്തി'; വിവാഹ വാര്ത്ത പങ്കുവച്ച് റിമി ടോമി
വീണ്ടും വിവാഹിതയാകാൻ ഒരുങ്ങുകയാണെന്ന സന്തോഷ വാർത്ത പങ്കുവച്ച് ഗായിക റിമി ടോമി.
ഗായിക റിമി ടോമി വീണ്ടും വിവാഹിതയാകാൻ ഒരുങ്ങുന്നു എന്ന സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് റിമി ഈ വിശേഷം പുറത്തുവിട്ടത്. 2026-ൽ തനിക്ക് അനുയോജ്യനായ ഒരു പങ്കാളിയെ കണ്ടെത്താൻ കഴിഞ്ഞെന്നും, അദ്ദേഹത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ അറിയിക്കുമെന്നും റിമി വ്യക്തമാക്കി.
തന്റെ വിവാഹത്തെക്കുറിച്ച് മുൻപും ഓൺലൈനിൽ വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു എന്ന് റിമി ഓർമ്മിപ്പിച്ചു. കാനഡയിലെ ഒരു സ്റ്റേജിൽ താൻ ചോദിച്ച ചോദ്യം വൈറലായതിന് ശേഷം ഒട്ടനവധി പേരാണ് തന്നോട് പുനർവിവാഹത്തെക്കുറിച്ച് ചോദിച്ചുകൊണ്ടിരിക്കുന്നത്. താൻ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ആളാണെങ്കിലും ഫാമിലി എപ്പോഴും കൂടെയുണ്ടെന്നും, എങ്കിലും ജീവിതത്തിൽ ഒരു പങ്കാളിയുടെ കുറവ് എപ്പോഴും അനുഭവപ്പെട്ടിരുന്നുവെന്നും താരം പറഞ്ഞു.
വരുന്ന 2026-ൽ തന്റെ ജീവിതത്തിലേക്ക് ഒരാൾ കടന്നുവന്നതായി റിമി വ്യക്തമാക്കി. ആ വ്യക്തി ആക്ടറോ സിംഗറോ പ്രശസ്തനോ കോടീശ്വരനോ ഒന്നുമല്ലെന്നും, ജീവിതത്തിൽ പണമോ പ്രശസ്തിയേക്കാൾ സമാധാനവും പരസ്പരമുള്ള മനസ്സിലാക്കലുമാണ് പ്രധാനമെന്നും റിമി വ്യക്തമാക്കി. കരിയറിലും വ്യക്തിജീവിതത്തിലും വളർച്ച നൽകാനും, തന്നെ മനസ്സിലാക്കി ഒപ്പം നിൽക്കാനും കഴിയുന്ന ഒരാളെയാണ് പങ്കാളിയായി തിരഞ്ഞെടുത്തിരിക്കുന്നത്.
കുറച്ചുനാളുകളായി ഇരുവരും പരസ്പരം മനസ്സിലാക്കിവരികയാണെന്നും, ഈ ബന്ധം തന്റെ മനസ്സിന് വലിയ സമാധാനം നൽകുന്നുണ്ടെന്നും താരം കൂട്ടിച്ചേർത്തു. നല്ലൊരു ജീവിതം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ തീരുമാനമെടുത്തതെന്നും, ദൈവത്തിന്റെ അനുഗ്രഹത്തോടെ പുതിയ ജീവിതത്തിലേക്ക് കടക്കുന്ന തനിക്ക് ആരാധകരുടെ പ്രാർത്ഥനയും പിന്തുണയും ഉണ്ടാകണമെന്നും റിമി ടോമി അഭ്യർത്ഥിച്ചു.
Comments ()