പ്രവാസികള്‍ ജാഗ്രതൈ, ഇവയൊന്നും ലഗേജില്‍ കരുതരുത്! നിരോധിത വസ്തുക്കളുടെ പട്ടിക പുറത്തുവിട്ട് ഇന്ത്യന്‍ എംബസി

നിരോധിത വസ്തുക്കളുമായി മലയാളികളെ പിടികൂടിയെന്ന വാർത്ത ദിനംപ്രതി വർധിച്ചുവരുന്ന സാഹചര്യത്തിലാണ് എംബസി പുതിയ മാർ​ഗനിർദേശങ്ങൾ പുറത്തിറക്കിയത്.

പ്രവാസികള്‍ ജാഗ്രതൈ, ഇവയൊന്നും  ലഗേജില്‍ കരുതരുത്! നിരോധിത വസ്തുക്കളുടെ പട്ടിക പുറത്തുവിട്ട് ഇന്ത്യന്‍ എംബസി

അബുദാബി: യു.എ.ഇയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്കായി അബുദാബിയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. യു.എ.ഇ വിമാനത്താവളങ്ങളിൽ വെച്ച് മലയാളി യാത്രക്കാരിൽ നിന്ന് നിരോധിത വസ്തുക്കൾ പിടികൂടുന്ന സംഭവങ്ങൾ നിരന്തരം റിപ്പോർട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് എംബസിയുടെ ഈ നിർണായക നടപടി. നിയമത്തെക്കുറിച്ചുള്ള അജ്ഞത മൂലം പ്രവാസികൾ വലിയ നിയമക്കുരുക്കുകളിലും ജയിൽശിക്ഷകളിലും അകപ്പെടുന്നത് ഒഴിവാക്കാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനുമാണ് എംബസി പ്രധാന മാർഗ്ഗരേഖ തയാറാക്കിയിരിക്കുന്നത്.

യു.എ.ഇയിലേക്ക് പോകുമ്പോൾ വ്യക്തിഗത ബാഗേജുകളിൽ കൊണ്ടുപോകാൻ സാധിക്കാത്ത വസ്തുക്കളുടെ കൃത്യമായ പട്ടിക എംബസി വ്യക്തമാക്കിയിട്ടുണ്ട്. സാധാരണയായി ലഹരിവസ്തുക്കളുടെ ഗണത്തിൽ പെടുത്തുന്ന കശകശ (Poppy seeds), ഖാട്ട് ഇലകൾ (Qat leaves), നിസ്വാ (Niswa), ഗുഡ്ഖ (Gutkha) എന്നിവയ്ക്ക് യു.എ.ഇയിൽ കർശന നിരോധനമുണ്ട്. കൂടാതെ മലയാളികൾ സ്ഥിരമായി കൈവശം വെക്കാറുള്ള വെറ്റില, അടയ്ക്ക തുടങ്ങിയവയും ലഗേജുകളിൽ കൊണ്ടുപോകാൻ പാടില്ലെന്ന് അധികൃതർ പ്രത്യേകം ഓർമിപ്പിക്കുന്നു.

മരുന്നുകൾ കൊണ്ടുപോകുന്ന കാര്യത്തിൽ യാത്രക്കാർ അതീവ ശ്രദ്ധ പുലർത്തണമെന്ന് എംബസി മുന്നറിയിപ്പ് നൽകുന്നു. കയ്യിൽ കരുതുന്ന മരുന്നുകൾ യു.എ.ഇയിൽ നിരോധിച്ചതോ അല്ലെങ്കിൽ നിയന്ത്രിത (Controlled) വിഭാഗത്തിൽപ്പെട്ടതാണോ എന്ന് യാത്ര തിരിക്കുന്നതിന് മുമ്പ് തന്നെwww.ede.gov.aeഎന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ പരിശോധിക്കേണ്ടതാണ്. നിയന്ത്രിത മരുന്നുകളാണെങ്കിൽ യു.എ.ഇ ആരോഗ്യ മന്ത്രാലയത്തിന്റെ മുൻകൂട്ടിയുള്ള പെർമിറ്റ് കരസ്ഥമാക്കണം. കൂടാതെ, ഡോക്ടറുടെ സാധുവായ പ്രിസ്ക്രിപ്ഷനും മെഡിക്കൽ റിപ്പോർട്ടും യാത്രയിലുടനീളം കൈവശം കരുതുന്നത് നിർബന്ധമാണ്.

യാത്രക്കാർ ഏറ്റവും കൂടുതൽ ജാഗ്രത പാലിക്കേണ്ട മറ്റൊരു സുപ്രധാന കാര്യം മറ്റുള്ളവരുടെ ലഗേജുകൾ കൈമാറുന്നതുമായി ബന്ധപ്പെട്ടാണ്. വിമാനത്താവളത്തിൽ വെച്ച് അപരിചിതരുടെയോ അല്ലെങ്കിൽ അടുത്ത സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ ബാഗുകളോ മറ്റ് സാധനങ്ങളോ സ്വന്തം കൈവശം വെക്കുകയോ കൊണ്ടുപോകാൻ സഹായിക്കുകയോ ചെയ്യരുതെന്ന് എംബസി കർശനമായി വിലക്കുന്നു. ഏതുവഴിയാണ് ഒരാൾ ചതിക്കപ്പെടുന്നതെന്നും അനധികൃത വസ്തുക്കൾ നിങ്ങളുടെ ലഗേജിൽ എത്തുന്നതെന്നും പ്രവചിക്കാൻ കഴിയില്ല. അതിനാൽ ഇത്തരം സഹായങ്ങൾ വലിയ ആപത്ത് ക്ഷണിച്ചുവരുത്തുമെന്ന് എംബസി ഓർമിപ്പിക്കുന്നു.

അടിയന്തര വൈദ്യസഹായങ്ങളും സാമ്പത്തിക ബാധ്യതകളും ഒഴിവാക്കാൻ യാത്രയ്ക്ക് മുമ്പ് അനുയോജ്യമായ മെഡിക്കൽ ഇൻഷുറൻസ് എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. അതോടൊപ്പം യു.എ.ഇ കസ്റ്റംസിന്റെ വിവിധ നിബന്ധനകളും വിമാനത്താവള നിയമങ്ങളും മുൻകൂട്ടി മനസ്സിലാക്കിവെക്കുന്നത് യാത്ര സുഗമമാക്കും. അധികൃതർ പുറപ്പെടുവിച്ച നിർദേശങ്ങൾ കൃത്യമായി പാലിച്ച് സുരക്ഷിതമായി യാത്ര ചെയ്യാൻ എല്ലാ പ്രവാസികളും സഹകരിക്കണമെന്ന് എംബസി വാർത്താക്കുറിപ്പിൽ അഭ്യർത്ഥിച്ചു.