റോബിൻ ബസിന് വീണ്ടും പൂട്ട്: കാഞ്ഞിരപ്പള്ളി-പാലാ റൂട്ടിൽ ബസ് മോട്ടോർ വാഹന വകുപ്പ് തടഞ്ഞു

ഓഗസ്റ്റ് രണ്ട് വരെ കൃത്യമായ പെര്‍മിറ്റ് ഉണ്ടെന്ന് ബസ് ഉടമ റോബിന്‍ ഗിരീഷ് വ്യക്തമാക്കി.

റോബിൻ ബസിന് വീണ്ടും പൂട്ട്: കാഞ്ഞിരപ്പള്ളി-പാലാ റൂട്ടിൽ ബസ് മോട്ടോർ വാഹന വകുപ്പ് തടഞ്ഞു

കോട്ടയം: കോട്ടയം ഈരാറ്റുപേട്ടയില്‍ വെച്ച് റോബിന്‍ ബസ് മോട്ടോര്‍ വാഹന വകുപ്പ് വീണ്ടും തടഞ്ഞു. ഇന്നലെ രാത്രി കാഞ്ഞിരപ്പള്ളി - പാലാ റൂട്ടില്‍ സര്‍വീസ് നടത്തുന്നതിനിടെയാണ് സംഭവം. ബസിന് ആവശ്യമായ പെര്‍മിറ്റ് ഇല്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു എം.വി.ഡിയുടെ നടപടി. എന്നാല്‍, ഓഗസ്റ്റ് രണ്ട് വരെ കൃത്യമായ പെര്‍മിറ്റ് ഉണ്ടെന്ന് ബസ് ഉടമ റോബിന്‍ ഗിരീഷ് വ്യക്തമാക്കി. മുന്‍പും അന്തര്‍സംസ്ഥാന സര്‍വീസ് പെര്‍മിറ്റുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പും റോബിന്‍ ബസ് ഉടമയും തമ്മില്‍ വലിയ നിയമതര്‍ക്കങ്ങള്‍ നിലനിന്നിരുന്നു.

ഇന്നലെ രാത്രി എട്ട് മണിക്ക് പെര്‍മിറ്റില്ലെന്ന് ആരോപിച്ച് മോട്ടോര്‍ വാഹന വകുപ്പ് ബസ് കസ്റ്റഡിയിലെടുത്തതിനെതിരെ കടുത്ത പ്രതികരണവുമായി ഉടമ ഗിരീഷ് രംഗത്തെത്തി. പെര്‍മിറ്റില്ലാത്ത വണ്ടിയുടെ പേരില്‍ എന്തിനാണ് സി.സി ചെയ്യുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഈ നടപടിക്ക് പിന്നില്‍ കൃത്യമായ അജണ്ടയുണ്ടെന്നും, പെര്‍മിറ്റ് ഇല്ലായിരുന്നെങ്കില്‍ ഇത്രയും നാള്‍ സര്‍വീസ് നടത്താന്‍ സാധിക്കുമായിരുന്നോ എന്നും അദ്ദേഹം ചോദ്യച്ചു.

2003 മുതല്‍ കോടതി ഉത്തരവിലാണ് ബസ് ഓടുന്നത്. കോടതി ഉത്തരവുകള്‍ രേഖാമൂലം നല്‍കുകയാണ് പതിവ്. തനിക്ക് പെര്‍മിറ്റിനായി അപേക്ഷ നല്‍കാനല്ലേ സാധിക്കൂ എന്നും, എല്ലാ തവണയും കൃത്യമായി അപേക്ഷ നല്‍കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ജൂണ്‍ പത്താം തീയതിയാണ് അപേക്ഷ പുതുക്കി കിട്ടി. നിലവില്‍ തന്റെ പക്കല്‍ നാല് ബസ്സുകളുണ്ടെന്നും, അതില്‍ ഒരു ബസ് മാത്രമാണ് നിലവിലെ കോടതി ഉത്തരവ് പ്രകാരം സര്‍വീസ് നടത്തുന്നതെന്നും ഗിരീഷ് അറിയിച്ചു. ജയപ്രകാശ് എന്ന ഉദ്യോഗസ്ഥനാണ് തന്റെ ബസ് അന്യായമായി കസ്റ്റഡിയിലെടുത്തതെന്നും അദ്ദേഹം ആരോപിച്ചു.

റോബിന്‍ ബസ് കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ പ്രതികരണവുമായി കോട്ടയം ആര്‍ടിഒ രംഗത്തെത്തി. കോടതി ഉത്തരവു പ്രകാരം പെര്‍മിറ്റിന് വാഹന ഉടമ അപേക്ഷ നല്‍കിയിട്ടുണ്ട്, എന്നാല്‍ പക്ഷേ ഫീസ് അടച്ചിട്ടില്ല. ഫീസ് അടച്ചാല്‍ മാത്രമാണ് പെര്‍മിറ്റ് നല്‍കാനാവുക. കോടതി ഉത്തരവ് ഹാജരാക്കി പെര്‍മിറ്റ് ലഭിക്കാന്‍ അപേക്ഷ നല്‍കി ഫീസ് അടക്കണം. ഈ നടപടി ഉടമയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. പെര്‍മിറ്റില്ലാത്ത ബസ് പിടിച്ചെടുക്കാന്‍ എംവിഡിക്ക് അധികാരമുണ്ടെന്നും ആര്‍ടിഒ കൂട്ടിച്ചേര്‍ത്തു.