പണം നൽകിയില്ലെങ്കിൽ വിഷപ്പാമ്പിനെ തുറന്നുവിടും! ട്രെയിനിൽ ഭീതി പരത്തി പണം തട്ടിയ സംഘം ആർ.പി.എഫിന്റെ വലയിൽ
ജനസേവ എക്സ്പ്രസിൽ കയറിയ ആറുപേരാണ് ആർപിഎഫിൻ്റെ പിടിയിലായത്.
ബിഹാറിൽ ട്രെയിൻ യാത്രക്കാരെ വിഷപ്പാമ്പുകളെ കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്ന ആറംഗ സംഘത്തെ റെയിൽവേ സംരക്ഷണ സേന (ആർ.പി.എഫ്.) പിടികൂടി. പട്നയിൽ ജനസേവ എക്സ്പ്രസിൽ വെച്ചാണ് ഇവർ പിടിയിലായത്. പ്രതികളിൽ നിന്ന് പത്ത് വിഷപ്പാമ്പുകളെ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ജനറൽ കംപാർട്ട്മെന്റുകളിൽ കയറി പാമ്പുകളെ തുറന്നുവിടുമെന്ന് ഭയപ്പെടുത്തി യാത്രക്കാരിൽ നിന്ന് നിർബന്ധപൂർവം പണം തട്ടിയെടുക്കുകയായിരുന്നു ഇവരുടെ രീതി.
കഴിഞ്ഞ ദിവസം വൈകിട്ട് ഒരു യാത്രക്കാരൻ 'റെയിൽ മദദ്' ആപ്പിലൂടെ നൽകിയ അടിയന്തര സന്ദേശത്തെ തുടർന്നാണ് ആർ.പി.എഫ്. ഉദ്യോഗസ്ഥരെത്തി സംഘത്തെ പിടികൂടിയത്. കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കവേ ട്രെയിനിലും പിന്നീട് റെയിൽവേ സ്റ്റേഷനിലും പാമ്പുകളെ തുറന്നുവിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് രക്ഷപ്പെടാൻ പ്രതികൾ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ സാഹസികമായി ഇവരെ കീഴടക്കുകയായിരുന്നു.
Comments ()