'ഭാര്യ കരയുകയായിരുന്നു, അച്ഛൻ തകർന്നുപോയി'; ഡ്രസ്സിങ് റൂം വിവാദകാലത്തെ അനുഭവം തുറന്നുപറഞ്ഞ് സർഫറാസ്
പ്രതിസന്ധി ഘട്ടത്തിൽ ആദ്യം പിന്തുണയുമായി എത്തിയത് ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറായിരുന്നുവെന്നും ആകാശ് ചോപ്രയ്ക്ക് നൽകിയ അഭിമുഖത്തിൽ സർഫറാസ് പറഞ്ഞു
ന്യൂഡൽഹി: ഓസ്ട്രേലിയൻ പര്യടനത്തിനിടെ ഇന്ത്യൻ ടീമിന്റെ ഡ്രസ്സിങ് റൂമിലെ വിവരങ്ങൾ പുറത്തുവിട്ടെന്ന ആരോപണം തന്റെ കുടുംബത്തെ ഒന്നാകെ മാനസികമായി തളർത്തിയെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം സർഫറാസ് ഖാൻ. വിവാദം തന്നെക്കാൾ ഏറെ വേദനിപ്പിച്ചത് മാതാപിതാക്കളും ഭാര്യയും അനുഭവിച്ച മാനസിക വിഷമമാണെന്നും താരം വെളിപ്പെടുത്തി. പ്രതിസന്ധി ഘട്ടത്തിൽ ആദ്യം പിന്തുണയുമായി എത്തിയത് ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറായിരുന്നുവെന്നും ആകാശ് ചോപ്രയ്ക്ക് നൽകിയ അഭിമുഖത്തിൽ സർഫറാസ് പറഞ്ഞു.
ബോർഡർ-ഗവാസ്കർ ട്രോഫിക്കായുള്ള ഓസ്ട്രേലിയൻ പര്യടനത്തിന് പിന്നാലെയാണ് ഡ്രസ്സിങ് റൂമിലെ വിവരങ്ങൾ ചോർന്നെന്ന ആരോപണം താരത്തിനെതിരെ ഉയർന്നത്. ആരോപണങ്ങൾ പ്രചരിച്ചതോടെ ഫോൺ സ്വിച്ച് ഓഫ് ചെയ്യേണ്ട സാഹചര്യം വരെ ഉണ്ടായതായി സർഫറാസ് പറഞ്ഞു. ഗംഭീർ രണ്ടുതവണ തന്നെ ഫോണിൽ ബന്ധപ്പെട്ട് പുറത്തുനടക്കുന്ന കാര്യങ്ങൾ അവഗണിച്ച് ക്രിക്കറ്റിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ ഉപദേശിച്ചെന്നും താരം വ്യക്തമാക്കി.
എന്നാൽ തന്റെ പിതാവ് കടുത്ത വിഷമത്തിലാണെന്നും ഭാര്യ കരയുകയാണെന്നും ഗംഭീറിനോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഗംഭീർ പിതാവിനെ നേരിട്ട് വിളിച്ച് സംസാരിക്കുകയും ആരോപണങ്ങൾക്ക് അമിത പ്രാധാന്യം നൽകേണ്ടതില്ലെന്ന് ആശ്വസിപ്പിക്കുകയും ചെയ്തു. സർഫറാസ് മികച്ച താരമാണെന്നും ക്രിക്കറ്റിൽ ശ്രദ്ധ തുടരട്ടെയെന്നും പറഞ്ഞ പരിശീലകൻ എന്ത് സഹായത്തിനും വിളിക്കാമെന്ന് ഉറപ്പുനൽകിയതായും താരം ഓർത്തെടുത്തു.
നാട്ടിലെത്തിയപ്പോഴാണ് വിവാദം അറിഞ്ഞത്
ഓസ്ട്രേലിയൻ പര്യടനത്തിൽ അഞ്ച് ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ സംഘത്തിൽ ഇടം ലഭിച്ചിരുന്നെങ്കിലും ഒരു മത്സരത്തിൽ പോലും കളിക്കാൻ സർഫറാസിന് അവസരം ലഭിച്ചിരുന്നില്ല. പര്യടനത്തിനിടെ പരിക്കേറ്റതിനെ തുടർന്ന് നാട്ടിലെത്തിയ ശേഷം എൻസിഎയിൽ പുനരധിവാസത്തിലായിരുന്നു. ഇതിനിടെയാണ് ഡ്രസ്സിങ് റൂം വിവരങ്ങൾ ചോർത്തിയെന്ന വാർത്തകൾ വ്യാപകമായത്.
വിമാനം ഇറങ്ങിയ ഉടൻ നിരവധി ഫോൺ കോളുകളും സന്ദേശങ്ങളും ലഭിച്ചുവെന്നും സോഷ്യൽ മീഡിയയിൽ തനിക്കെതിരെ പലതരത്തിലുള്ള പ്രചാരണങ്ങൾ നടന്നുവെന്നും അദ്ദേഹം പറഞ്ഞു. പര്യടനം അവസാനിച്ച് 25 മുതൽ 30 ദിവസം കഴിഞ്ഞ ശേഷമാണ് ആരോപണങ്ങൾ ഉയർന്നത്. സംഭവത്തിൽ ആരോടാണ് വിശദീകരണം തേടേണ്ടതെന്നുപോലും അറിയാത്ത അവസ്ഥയിലായിരുന്നുവെന്നും താരം വ്യക്തമാക്കി.
ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് താരം
ഡ്രസ്സിങ് റൂം വിവരങ്ങൾ പുറത്തുവിട്ടെന്ന ആരോപണത്തിൽ യാതൊരു അടിസ്ഥാനവുമില്ലെന്നാണ് സർഫറാസിന്റെ നിലപാട്. ആരോപണങ്ങളിൽ പങ്കുണ്ടായിരുന്നെങ്കിൽ പിന്നീട് ഇന്ത്യ എ ടീമിലേക്കും ശ്രീലങ്കൻ പരമ്പരയ്ക്കുമുള്ള ടീമിലേക്കും തന്നെ തിരഞ്ഞെടുക്കുമായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സോഷ്യൽ മീഡിയയിൽ ചെറിയ കാര്യങ്ങൾ പോലും വലിയ വിവാദങ്ങളായി മാറുന്ന സാഹചര്യമാണുള്ളതെന്നും ഒരാളുടെ പേര് മോശമാക്കാനുള്ള ശ്രമങ്ങൾ അയാളുടെ കരിയറിനെപ്പോലും ബാധിക്കുമെന്നും സർഫറാസ് അഭിപ്രായപ്പെട്ടു. സ്വന്തം കരിയറിലെ പ്രതിസന്ധികളെ നേരിടാൻ താൻ തയ്യാറാണെങ്കിലും മാതാപിതാക്കൾക്കും ഭാര്യയ്ക്കും സഹോദരനും നേരിടേണ്ടിവന്ന വിഷമമാണ് തന്നെ ഏറെ തളർത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യക്കായി ആറ് ടെസ്റ്റുകൾ
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ താരമായ സർഫറാസ് ഇന്ത്യക്കായി ഇതുവരെ ആറ് ടെസ്റ്റ് മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. ഒരു സെഞ്ച്വറിയും മൂന്ന് അർധസെഞ്ച്വറികളും ഉൾപ്പെടെ 371 റൺസാണ് സമ്പാദ്യം. 37.10 ആണ് ബാറ്റിങ് ശരാശരി. 2024 നവംബറിൽ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ന്യൂസിലൻഡിനെതിരെയായിരുന്നു താരത്തിന്റെ അവസാന അന്താരാഷ്ട്ര മത്സരം.
Comments ()