അധികാരത്തിലെത്തി 100 ദിവസം; നേട്ടവും വിമർശനവും നേരിട്ട് സതീശൻ സർക്കാർ
ലഹരി വ്യാപനത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന പ്രഖ്യാപനവും സർക്കാരിന്റെ ആദ്യ നൂറുദിനത്തിലെ പ്രധാന നീക്കങ്ങളിലൊന്നായി. യുവാക്കളെ ലഹരിയിൽ നിന്ന് സംരക്ഷിക്കുന്നതിനായി ആഭ്യന്തരവകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക പ്രവർത്തനങ്ങൾ ആരംഭിച്ചു.
തിരുവനന്തപുരം: അധികാരത്തിലെത്തി നൂറുദിനം പൂർത്തിയാക്കി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ. മേയ് 18നാണ് പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ആദ്യ നൂറുദിനത്തിനിടെ പ്രഖ്യാപിച്ച ചില പദ്ധതികൾ നടപ്പാക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് സർക്കാർ.
സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര, ആശാ വർക്കർമാരുടെ ഓണറേറിയം വർധന, വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരണം തുടങ്ങിയ തീരുമാനങ്ങളാണ് സർക്കാരിന്റെ ആദ്യഘട്ട പ്രവർത്തനങ്ങളിൽ ശ്രദ്ധ നേടിയത്.
നൂറുദിന കർമപദ്ധതിയുടെ ഭാഗമായി 1,688 പദ്ധതികൾ പൂർത്തിയാക്കാനായിരുന്നു സർക്കാർ ലക്ഷ്യമിട്ടത്. ജൂലൈ ഒന്ന് മുതൽ ഒക്ടോബർ ഒമ്പത് വരെയുള്ള കാലയളവിൽ ലക്ഷ്യമിട്ട പദ്ധതികളിൽ 547 എണ്ണം ഇതിനകം പൂർത്തിയാക്കിയതായി സർക്കാർ അവകാശപ്പെടുന്നു.
ലഹരിക്കെതിരായ നടപടികൾക്ക് മുൻഗണന
ലഹരി വ്യാപനത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന പ്രഖ്യാപനവും സർക്കാരിന്റെ ആദ്യ നൂറുദിനത്തിലെ പ്രധാന നീക്കങ്ങളിലൊന്നായി. യുവാക്കളെ ലഹരിയിൽ നിന്ന് സംരക്ഷിക്കുന്നതിനായി ആഭ്യന്തരവകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക പ്രവർത്തനങ്ങൾ ആരംഭിച്ചു.
ആരോഗ്യവകുപ്പിലും പുതിയ ഇടപെടലുകൾ ഉണ്ടായതായി സർക്കാർ വിലയിരുത്തുന്നു. എന്നാൽ ഭരണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും കുറവുണ്ടായില്ല.
ബോർഡുകളിലും കോർപ്പറേഷനുകളിലും നിയമനങ്ങൾ പൂർത്തിയാകാത്തത് ഉൾപ്പെടെയുള്ള വിഷയങ്ങൾ പ്രതിപക്ഷം സർക്കാരിന്റെ ഭരണപരമായ വീഴ്ചയായി ചൂണ്ടിക്കാട്ടുന്നു. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ ബന്ധുവിനെ നിയമിച്ചെന്ന ആരോപണവും വിവാദമായിരുന്നു.
പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ടും സർക്കാരിനെതിരെ വിമർശനമുയർന്നു. ദേവസ്വം വകുപ്പിന്റെ പ്ലീഡറായി ശബരിമല കേസിലെ പ്രതിഭാഗം അഭിഭാഷകനെ നിയമിച്ചതും രാഷ്ട്രീയ വിവാദത്തിന് വഴിവച്ചു.
നൂറുദിനം പൂർത്തിയാക്കുമ്പോൾ പ്രഖ്യാപിച്ച പദ്ധതികൾ എത്രത്തോളം ജനങ്ങളിലേക്ക് എത്തി എന്നതും വിവാദങ്ങളിൽ നിന്ന് സർക്കാർ എങ്ങനെ മുന്നോട്ടുപോകും എന്നതുമാണ് ഇനി ശ്രദ്ധേയമാകുന്നത്.
Comments ()