ഗാർഹിക വിസയിലേക്ക് മാറാൻ പ്രവാസികൾക്ക് അവസരം; പുതിയ ഇളവുകളുമായി സൗദി അറേബ്യ
മാനുഷിക വിഭവശേഷി മന്ത്രാലയം പ്രത്യേക വ്യവസ്ഥകളോടെയാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. വർക്ക് പെർമിറ്റ് സാധുത, തസ്തികയുടെ സ്വഭാവം തുടങ്ങിയ നിബന്ധനകൾ ഇതിന് ബാധകമാണ്.
റിയാദ്: സൗദി അറേബ്യയില്‍ സ്വകാര്യ കമ്പനികളിലും സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികള്‍ക്ക് ഇനി വ്യക്തിഗത തൊഴിലുടമകളുടെ കീഴിലേക്ക് (ഗാര്‍ഹിക വിസയിലേക്ക്) സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ അനുമതി നല്‍കി. മാനുഷിക വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം തങ്ങളുടെ ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴി ഇതിനുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി.
സ്വകാര്യ മേഖലയില്‍ നിന്ന് ഗാര്‍ഹിക തൊഴിലുകളിലേക്കുള്ള ഈ മാറ്റം പ്രത്യേക വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതിനായി തൊഴിലാളിയുടെ വര്‍ക്ക് പെര്‍മിറ്റ് സാധുതയുള്ളതായിരിക്കണം. കൂടാതെ, 100 ശതമാനം സൗദിവത്കരിച്ച തസ്തികകളിലോ വിദ്യാഭ്യാസം, സാങ്കേതിക വിദ്യ, ആരോഗ്യം തുടങ്ങിയ ഉയര്‍ന്ന സ്‌പെഷ്യലിസ്റ്റ് ജോലികളിലോ ഉള്ളവര്‍ക്ക് ഈ മാറ്റത്തിന് അര്‍ഹതയുണ്ടായിരിക്കില്ല. തൊഴിലാളി മാറാന്‍ ഉദ്ദേശിക്കുന്ന ജോലി അംഗീകൃത ഗാര്‍ഹിക തൊഴിലുകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നതുമായിരിക്കണം.
അപേക്ഷ പൂര്‍ത്തിയാക്കാന്‍ പൂര്‍വ്വ തൊഴിലുടമ ചേംബര്‍ ഓഫ് കൊമേഴ്‌സ് സാക്ഷ്യപ്പെടുത്തിയ ഇലക്ട്രോണിക് വിടുതല്‍ കത്ത് , പുതിയ തൊഴിലുടമയുടെ ശമ്പള സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ബാങ്ക് സര്‍ട്ടിഫിക്കറ്റ്, തൊഴിലാളിയുടെ ഒപ്പും വിരലടയാളവും അടങ്ങിയ ഇഖാമയുടെ പകര്‍പ്പ് എന്നിവ ആവശ്യമാണ്. ഒപ്പം പുതിയ തൊഴിലുടമയുടെ പേര്, ഐഡി നമ്പര്‍, ആവശ്യമായ ഗാര്‍ഹിക തൊഴില്‍ ഏതാണെന്ന വിവരവും നല്‍കണം. സമര്‍പ്പിക്കുന്ന രേഖകള്‍ 3 മെഗാബൈറ്റില്‍ കവിയാത്ത PDF, JPG, JPEG, PNG ഫോര്‍മാറ്റുകളില്‍ വേണം അപ്ലോഡ് ചെയ്യാന്‍.
Comments ()