പ്രവാസികളുടെ തൊഴിൽ സാധ്യത മങ്ങുന്നു: സൗദിയിൽ കൂടുതൽ തസ്തികകൾ ഇനി പൗരന്മാർക്ക് മാത്രം
സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിലെ പ്രൊജക്റ്റ് മാനേജ്‌മെന്റ് തസ്തികകളിൽ 70 ശതമാനം സ്വദേശിവത്ക്കരണം (സൗദിവത്ക്കരണം) നടപ്പിലാക്കുന്നു.
സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിലെ പ്രൊജക്റ്റ് മാനേജ്‌മെന്റ് തസ്തികകളിൽ 70 ശതമാനം സൗദിവത്ക്കരണം (സ്വദേശിവത്ക്കരണം) നടപ്പിലാക്കുന്നു. 2027 ഫെബ്രുവരി 14 മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരുമെന്ന് മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. മുൻസിപ്പാലിറ്റി ആൻഡ് ഹൗസിങ് മന്ത്രാലയവുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
രാജ്യത്തെ വിദഗ്ധ തൊഴിൽ മേഖലകളിൽ സൗദിവത്ക്കരണം വേഗത്തിലാക്കാനും തദ്ദേശീയരായ ഉദ്യോഗാർത്ഥികൾക്ക് കൂടുതൽ മികച്ച തൊഴിലവസരങ്ങൾ ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കം. തൊഴിൽ വിപണിയിൽ സ്വദേശികളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുക എന്ന സൗദി വിഷൻ 2030, ലേബർ മാർക്കറ്റ് സ്ട്രാറ്റജി എന്നിവയുടെ ഭാഗമായാണ് പുതിയ തീരുമാനം.
പ്രൊജക്റ്റ് മാനേജ്‌മെന്റ് മേഖലയിൽ മൂന്നോ അതിലധികമോ ജീവനക്കാരുള്ള എല്ലാ സ്വകാര്യ സ്ഥാപനങ്ങൾക്കും ഈ നിയമം ബാധകമായിരിക്കും. ഇത്തരം സ്ഥാപനങ്ങളിലെ ആകെ പ്രൊജക്റ്റ് മാനേജ്‌മെന്റ് ജീവനക്കാരുടെ 70 ശതമാനവും സൗദി പൗരന്മാരായിരിക്കണം. സൗദി സ്റ്റാൻഡേർഡ് ക്ലാസിഫിക്കേഷൻ ഓഫ് ഒക്യുപേഷൻസ് തരംതിരിച്ചിട്ടുള്ള പ്രൊജക്റ്റ് മാനേജ്‌മെന്റ് ഡയറക്ടർ, പ്രൊജക്റ്റ് മാനേജ്‌മെന്റ് എഞ്ചിനീയർ, പ്രൊജക്റ്റ് മാനേജ്‌മെന്റ് സ്‌പെഷ്യലിസ്റ്റ് എന്നീ തസ്തികകളാണ് ഈ പദ്ധതിക്ക് കീഴിൽ വരുന്നത്. നിർദ്ദിഷ്ട തസ്തികകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ നിർബന്ധമായും ഈ നിയമം പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
തീരുമാനം കൃത്യമായി നടപ്പിലാക്കുന്നതിനായി മന്ത്രാലയം ഔദ്യോഗിക വെബ്‌സൈറ്റിൽ വിശദമായ മാർഗ്ഗരേഖ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സൗദിവത്ക്കരണ അനുപാതം കണക്കാക്കുന്ന വിധം, പാലിക്കേണ്ട മാനദണ്ഡങ്ങൾ, ഉൾപ്പെട്ടിരിക്കുന്ന തസ്തികകൾ എന്നിവയെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ സ്ഥാപന ഉടമകൾക്ക് ഇതിലൂടെ മനസ്സിലാക്കാം. രാജ്യത്ത് സ്വദേശികൾക്കായുള്ള തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാനും തൊഴിൽ വിപണിയുടെ കാര്യക്ഷമത കൂട്ടാനുമുള്ള നടപടികൾ വരും ദിവസങ്ങളിലും തുടർന്നു കൊണ്ടിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
Comments ()