കായികമേളയിലെ സാമ്പാറിൽ പുഴുവെന്ന ആരോപണം: അധ്യാപകൻ അറസ്റ്റിൽ
പെരുമ്പാവൂര്‍ വെങ്ങോല ശലേം സ്കൂളിലെ കായിക അധ്യാപകന് ജിജോ ജെയിംസിനെയാണ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.
കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിൽ വിളമ്പിയ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെന്ന് ആരോപിച്ച അധ്യാപകൻ അറസ്റ്റിൽ. പെരുമ്പാവൂർ വെങ്ങോല ശലേം സ്കൂളിലെ കായിക അധ്യാപകനായ ജിജോ ജെയിംസിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. കായികമേളയ്ക്കിടെ കലാപമുണ്ടാക്കാൻ ശ്രമിച്ചെന്നും സാമ്പാറിൽനിന്ന് ലഭിച്ചെന്ന വ്യാജേന പുഴുവിനെ പ്രദർശിപ്പിച്ചെന്നും എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.
കഴിഞ്ഞദിവസം രാവിലെയാണ് കായികമേളയിലെ ഭക്ഷണപന്തലിൽ വിളമ്പിയ സാമ്പാറിൽ പുഴുവിനെ കണ്ടെത്തിയെന്ന ആരോപണം ഉയർന്നത്. സംഭവം വലിയ വിവാദങ്ങൾക്ക് വഴിവെച്ചതോടെ, തനിക്ക് പരാതിയില്ലെന്ന് അധ്യാപകൻ ജിജോ ജെയിംസ് രേഖാമൂലം എഴുതി നൽകിയിരുന്നു. എന്നാൽ, ഇതിനുശേഷവും ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
അതേസമയം, അധ്യാപകന്റെ ആരോപണം പൂർണ്ണമായും തള്ളി പൊതുവിദ്യാഭ്യാസ മന്ത്രി രംഗത്തെത്തി. കടുത്ത രാഷ്ട്രീയ വിരോധത്തോടെയാണ് ചിലർ പ്രവർത്തിക്കുന്നതെന്നും, അധ്യാപകന്റേത് ആസൂത്രിതമായ നാടകമാണെന്നും മന്ത്രി എൻ. ഷംസുദ്ദീൻ പ്രതികരിച്ചു. ആരോപണത്തെത്തുടർന്ന് ഭക്ഷണം പരിശോധിച്ചെങ്കിലും പുഴുവിനെ കണ്ടെത്താനായില്ല. അധ്യാപകൻ പുറത്തുനിന്ന് പുഴുവിനെ കൊണ്ടുവന്ന് സാമ്പാറിലിടുന്നത് ഭക്ഷണശാലയിൽ ജോലി ചെയ്തിരുന്ന സ്ത്രീകൾ നേരിട്ട് കണ്ടിരുന്നു. നാലു മണിക്കൂറോളം തിളപ്പിച്ച സാമ്പാറിൽ ജീവനുള്ള പുഴു എങ്ങനെ വരുമെന്നും മന്ത്രി ചോദിച്ചു.
Comments ()