പൂനെ ക്ഷേത്രത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ അതിക്രമം; മെട്രോ കരാർ തൊഴിലാളി അറസ്റ്റിൽ

മെട്രോ നിർമാണ സ്ഥലത്ത് ജോലി ചെയ്യുന്ന കരാർ തൊഴിലാളിയായ വിശാൽ സിങ്ങാണ് പ്രതി

പൂനെ ക്ഷേത്രത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ അതിക്രമം; മെട്രോ കരാർ തൊഴിലാളി അറസ്റ്റിൽ

പുണെ: ക്ഷേത്രത്തിനുള്ളിൽ പ്രാർത്ഥനയിലായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കരാർ തൊഴിലാളി അറസ്റ്റിൽ. പുണെ ജില്ലയിലെ പിംപ്രി-ചിഞ്ച്‌വാഡ് നഗരത്തിലെ നിഗ്ഡി പ്രദേശത്തുള്ള ശിവക്ഷേത്രത്തിൽ ഒക്ടോബർ 10-ന് രാവിലെ 11:07-ഓടെയാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്.

മെട്രോ നിർമാണ സ്ഥലത്ത് ജോലി ചെയ്യുന്ന വിശാൽ സിങ് എന്നയാളാണ് പ്രതിയെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ക്ഷേത്രത്തിൽ പെൺകുട്ടി തനിച്ചാണെന്ന് കണ്ട പ്രതി, നിർമാണ തൊഴിലാളികൾ ധരിക്കുന്ന ഓറഞ്ച് ജാക്കറ്റ് ധരിച്ചുകൊണ്ട് അകത്തേക്ക് കടന്നുവന്ന് കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. എന്നാൽ ഭയന്നുപോയെങ്കിലും പെൺകുട്ടി സർവ്വശക്തിയുമെടുത്ത് പ്രതിയെ തള്ളിമാറ്റി അവിടെനിന്ന് രക്ഷപ്പെടുകയും, പ്രതി സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു.

ഈ അതിക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും വലിയ ജനരോഷത്തിന് ഇടയാക്കുകയും ചെയ്തതോടെയാണ് പൊലീസ് പ്രതിയെ ഉടൻ കസ്റ്റഡിയിലെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതിനുള്ള ഭാരതീയ ന്യായ സംഹിത (BNS) വകുപ്പുകളും കർശനമായ പോക്സോ നിയമപ്രകാരവുമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് നിഗ്ഡി പൊലീസ് സീനിയർ ഇൻസ്പെക്ടർ മഹേഷ് ബൻസോഡെ അറിയിച്ചു.