ഒമ്പത് ദിവസം പിന്നിട്ടിട്ടും ശിവസൂര്യയെ കണ്ടെത്താനായില്ല; അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും

കണ്ണൂർ കമ്മിഷണറുടെ മേൽനോട്ടത്തിലാണ് നിലവിലെ അന്വേഷണം. തലശ്ശേരി എസ്പിയുടെ സ്‌ക്വാഡും ചൊക്ലി പൊലീസും നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടാകാത്തതിനെ തുടർന്നാണ് പുതിയ സംഘത്തെ നിയോഗിച്ചത്

ഒമ്പത് ദിവസം പിന്നിട്ടിട്ടും ശിവസൂര്യയെ കണ്ടെത്താനായില്ല; അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും

കണ്ണൂർ: ചൊക്ലിയിൽ നിന്ന് കാണാതായ പ്ലസ്ടു വിദ്യാർഥി ശിവസൂര്യയ്ക്കായുള്ള തിരച്ചിൽ ഊർജിതമാക്കി പൊലീസ്. കുട്ടിയെ കാണാതായിട്ട് ഒമ്പത് ദിവസം പിന്നിട്ടിട്ടും ഇതുവരെ യാതൊരു സൂചനയും ലഭിച്ചിട്ടില്ല. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് (SIT) രൂപം നൽകി അന്വേഷണം വ്യാപിപ്പിച്ചു.

കണ്ണൂർ കമ്മിഷണറുടെ മേൽനോട്ടത്തിലാണ് നിലവിലെ അന്വേഷണം. തലശ്ശേരി എസ്പിയുടെ സ്‌ക്വാഡും ചൊക്ലി പൊലീസും നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടാകാത്തതിനെ തുടർന്നാണ് പുതിയ സംഘത്തെ നിയോഗിച്ചത്. സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നാണ് പൊലീസ് അറിയിച്ചത്.

ഓൺലൈൻ ഗെയിമിന് അടിമപ്പെട്ടതിനെ തുടർന്ന് പണം നഷ്ടപ്പെട്ടതോടെ പിതാവ് മൊബൈൽ ഫോൺ വാങ്ങിവച്ചതിലുള്ള പ്രതിഷേധത്തിലാണ് ശിവസൂര്യ വീട്ടിൽനിന്ന് ഇറങ്ങിപ്പോയതെന്നാണ് വിവരം. വീട്ടിൽനിന്ന് ലഭിച്ച കുറിപ്പിൽ കാശിയിലേക്ക് പോകുകയാണെന്നും പിന്നീട് അവിടെത്തന്നെ കഴിയുമെന്നുമുള്ള പരാമർശമുണ്ടായിരുന്നതായി പൊലീസ് പറയുന്നു.

കുട്ടിയെ കണ്ടെത്തുന്നതിൽ പൊലീസ് വീഴ്ച വരുത്തിയെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. അടിയന്തരമായി അന്വേഷണം ശക്തമാക്കി കുട്ടിയെ കണ്ടെത്തണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.

കുട്ടി പോയ വഴിയുമായി ബന്ധപ്പെട്ട സൂചനകൾ കണ്ടെത്താൻ വിവിധയിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും അന്വേഷണ സംഘത്തിന് ഇതുവരെ നിർണായക തെളിവൊന്നും ലഭിച്ചിട്ടില്ല. ശിവസൂര്യയുടെ വീട്ടിൽ പൊലീസ് വീണ്ടും സ്‌നിഫർ ഡോഗുകളെ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും കുട്ടി പോയ ദിശ സംബന്ധിച്ച സൂചന ലഭിച്ചില്ല.

3,000 രൂപയും രണ്ട് ജോഡി വസ്ത്രങ്ങളുമായാണ് ശിവസൂര്യ വീട്ടിൽനിന്ന് പുറപ്പെട്ടതെന്നാണ് കുടുംബം പൊലീസിനെ അറിയിച്ചിരിക്കുന്നത്.