‘കണ്ടാൽ ഓക്കാനം വരും’; പുലിക്കളിക്കെതിരായ ശ്രീരാമന്റെ പരാമർശം വിവാദത്തിൽ

പുലിക്കളി സംഘങ്ങൾക്ക് കേന്ദ്രസഹായമായി 24 ലക്ഷം രൂപ എംപി സുരേഷ് ഗോപി കൈമാറിയതിന് പിന്നാലെയാണ് ശ്രീരാമന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് പുറത്തുവന്നത് എന്നതും ശ്രദ്ധേയമാണ്

‘കണ്ടാൽ ഓക്കാനം വരും’; പുലിക്കളിക്കെതിരായ ശ്രീരാമന്റെ പരാമർശം വിവാദത്തിൽ

തൃശൂർ: തൃശൂരിന്റെ ഓണാഘോഷങ്ങളിലെ പ്രധാന ആകർഷണമായ പുലിക്കളിയെ വിമർശിച്ച് എഴുത്തുകാരനും നടനുമായ വി.കെ. ശ്രീരാമൻ നടത്തിയ പരാമർശം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. ഫെയ്‌സ്ബുക്കിലൂടെയാണ് പുലിക്കളിയുടെ അവതരണരീതിയെ രൂക്ഷമായി വിമർശിച്ച് ശ്രീരാമൻ രംഗത്തെത്തിയത്.

ശരീരത്തിന്റെ രൂപവൈകല്യത്തെ കലയായി അവതരിപ്പിക്കുന്നതാണ് പുലിക്കളിയെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. കാണുന്നവർക്ക് അസ്വസ്ഥതയുണ്ടാക്കുന്ന തരത്തിലുള്ള കലാരൂപമാണ് ഇതെന്നും കുറിപ്പിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. പുരുഷന്മാരുടെ ശരീരത്തിൽ വയറും മാറും വളരുന്നതിനെ രൂപവൈകൃതമായി വിശേഷിപ്പിച്ചാണ് പുലിക്കളിക്കെതിരായ വിമർശനം ശ്രീരാമൻ ഉന്നയിച്ചത്.

പുലിക്കളി സംഘങ്ങൾക്ക് കേന്ദ്രസഹായമായി 24 ലക്ഷം രൂപ എംപി സുരേഷ് ഗോപി കൈമാറിയതിന് പിന്നാലെയാണ് ശ്രീരാമന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് പുറത്തുവന്നത് എന്നതും ശ്രദ്ധേയമാണ്.

കുറിപ്പിനെ അനുകൂലിച്ചും വിമർശിച്ചും നിരവധി പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉണ്ടായത്. അതേസമയം, പുലിക്കളിയെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശം അംഗീകരിക്കാനാകില്ലെന്ന് വിവിധ പുലിക്കളി സംഘങ്ങൾ പ്രതികരിച്ചു. ശ്രീരാമന്റെ നിലപാട് പ്രതിഷേധാർഹമാണെന്നും സംഘാടകർ വ്യക്തമാക്കി.

പുലിക്കളി ഭാരതീയ പാരമ്പര്യ കലാരൂപമാണെന്നും നാട്യശാസ്ത്രത്തിൽ ഇതുമായി ബന്ധപ്പെട്ട പരാമർശങ്ങളുണ്ടെന്നും പറയുന്നവരുടെ വാദവും ശ്രീരാമൻ തന്റെ കുറിപ്പിൽ പരാമർശിച്ചിട്ടുണ്ട്. ഈ വാദത്തെ പരിഹാസരൂപത്തിലാണ് അദ്ദേഹം അവതരിപ്പിച്ചത്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

പുരുഷന്മാര്‍ക്ക് മാറും വയറും വളരുന്നത് രൂപ വൈകൃതമാണ്.ആ വൈകൃതത്തെ കലക്കുവേണ്ടി ഉപയോഗിക്കുക എന്നത് ആഭാസവും. ലോകത്തൊരിടത്തും കണ്ടാല്‍ ഓക്കാനം വരുന്ന ഇത്തരം ഒരു കലാ വൈകൃതം ഉണ്ടാവില്ല.

ഇത് ഒരു ഭാരതീയ കലയാണെന്നും നാട്യശാസ്ത്രത്തില്‍ 'ശാര്‍ദൂലവിക്രീഡിതം ' എന്ന് ഈ കുംഭകുലുക്കിക്കളിയെപ്പറ്റി പരാമര്‍ശമുണ്ടെന്നുമാണ് സുബ്രന്‍സാമി പറയുന്നത്.

അതാണൊരാശ്വാസം.