സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാർഡുകൾ ഇനി എല്ലാവർക്കും: വരുമാന പരിധി ഒഴിവാക്കാൻ നിർദേശം നൽകി ആരോഗ്യമന്ത്രി

സാമ്പത്തിക നില വ്യത്യാസമില്ലാതെ രോഗികള്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാർഡുകൾ ഇനി എല്ലാവർക്കും: വരുമാന പരിധി ഒഴിവാക്കാൻ നിർദേശം നൽകി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡുകളില്‍ വരുമാന പരിധിയില്ലാതെ എല്ലാ രോഗികള്‍ക്കും ചികിത്സാ സൗകര്യം ലഭ്യമാക്കണമെന്ന് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കാന്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് മന്ത്രി ആവശ്യപ്പെട്ടു.

നിലവില്‍ കേരള ഹെല്‍ത്ത് റിസര്‍ച്ച് ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ (കെ.എച്ച്.ആര്‍.ഡബ്ല്യു.എസ്) കീഴിലുള്ള പേ വാര്‍ഡുകളില്‍ പ്രവേശനം ലഭിക്കണമെങ്കില്‍ ഒ.പി ടിക്കറ്റില്‍ പ്രതിമാസ വരുമാനം 1,600 രൂപയ്ക്ക് മുകളിലായിരിക്കണമെന്ന നിബന്ധനയുണ്ടായിരുന്നു. ഈ നിബന്ധന കാരണം കുറഞ്ഞ വരുമാനക്കാര്‍ക്ക് പേ വാര്‍ഡ് മുറികള്‍ ബുക്ക് ചെയ്യാന്‍ സാധിച്ചിരുന്നില്ല. പുതിയ തീരുമാനത്തോടെ വരുമാന വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും പേ വാര്‍ഡ് സൗകര്യം ഉപയോഗപ്പെടുത്താനാകും.