‘ക്രമക്കേട് നടക്കുന്നു എന്നറിഞ്ഞിട്ടും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് കൂട്ടുനിൽക്കൽ’; പ്രതിപക്ഷത്തിനെതിരെ അഭിജീത് ദിപ്കെ
സ്വന്തം താൽപര്യങ്ങൾ ബാധിക്കുമ്പോൾ മാത്രം തിരഞ്ഞെടുപ്പ് ക്രമക്കേടിനെതിരെ പ്രതിഷേധിക്കുകയും മറ്റ് സംസ്ഥാനങ്ങളിൽ സമാന ആരോപണങ്ങൾ ഉയരുമ്പോൾ മൗനം പാലിക്കുകയും ചെയ്യുന്ന സമീപനം തുടരാനാകില്ലെന്നും ദിപ്കെ പറഞ്ഞു
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ക്രമക്കേട് ആരോപിക്കുന്ന പ്രതിപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പിൽ തുടർന്നും മത്സരിക്കുന്നത് അവസാനിപ്പിക്കണമെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ചുകൊണ്ടുതന്നെ അതേ പ്രക്രിയയിൽ പങ്കെടുക്കുന്നത് ഇത്തരം തെരഞ്ഞെടുപ്പുകൾക്ക് അംഗീകാരം നൽകുന്നതിന് തുല്യമാണെന്നാണ് ദിപ്കെയുടെ വാദം. രാഷ്ട്രീയ പാർട്ടികൾ ഈ വിഷയത്തിൽ വ്യക്തമായ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്വന്തം താൽപര്യങ്ങൾ ബാധിക്കുമ്പോൾ മാത്രം തിരഞ്ഞെടുപ്പ് ക്രമക്കേടിനെതിരെ പ്രതിഷേധിക്കുകയും മറ്റ് സംസ്ഥാനങ്ങളിൽ സമാന ആരോപണങ്ങൾ ഉയരുമ്പോൾ മൗനം പാലിക്കുകയും ചെയ്യുന്ന സമീപനം തുടരാനാകില്ലെന്നും ദിപ്കെ പറഞ്ഞു. ക്രമക്കേട് ആരോപിക്കുന്ന തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിലൂടെ രാഷ്ട്രീയ പാർട്ടികൾ തന്നെ ആ സംവിധാനത്തിന് സാധുത നൽകുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി നേരത്തെ 48 മണിക്കൂർ സമയപരിധി പ്രഖ്യാപിച്ചിരുന്നു. രാജിയുണ്ടായില്ലെങ്കിൽ ഒക്ടോബർ രണ്ടുമുതൽ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് സംഘടനയുടെ പ്രഖ്യാപനം. പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണമായ എസ്ഐആർ നിർത്തിവയ്ക്കണമെന്നും സിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.
തിരഞ്ഞെടുപ്പ് കമ്മിഷനിലെ ആഭ്യന്തര അഭിപ്രായവ്യത്യാസം സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് സിജെപിയുടെ പുതിയ പ്രതികരണങ്ങൾ. സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും കഴിഞ്ഞ 10 മാസത്തിനിടെ കുറഞ്ഞത് 14 തവണ കമ്മിഷന്റെ തീരുമാനങ്ങളോടും നടപടികളോടും ഔദ്യോഗികമായി എതിർപ്പ് രേഖപ്പെടുത്തിയെന്നാണ് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തത്. പുതിയ വോട്ടർമാരുടെ രജിസ്ട്രേഷൻ, വോട്ടർപട്ടികയിലെ പേരുകൾ നീക്കം ചെയ്യലും പുനഃസ്ഥാപിക്കലും, ഫോം 6ലെ മാറ്റങ്ങൾ, വോട്ടർ ഡാറ്റയുടെ കേന്ദ്രീകരണം തുടങ്ങിയ വിഷയങ്ങളാണ് എതിർപ്പുകളിൽ ഉൾപ്പെട്ടതെന്നാണ് റിപ്പോർട്ട്.
ഗോവയിൽ 97 വോട്ടർമാരുടെ കാര്യത്തിൽ സോഫ്റ്റ്വെയർ സംവിധാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും രണ്ട് കമ്മിഷണർമാർ ചൂണ്ടിക്കാട്ടിയതായി റിപ്പോർട്ടിലുണ്ട്. അതേസമയം, എസ്ഐആർ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനങ്ങൾ ഏകകണ്ഠമായിരുന്നുവെന്ന് കമ്മിഷൻ വൃത്തങ്ങൾ വ്യക്തമാക്കിയതായി വാർത്താ റിപ്പോർട്ടുകൾ പറയുന്നു. ഈ പശ്ചാത്തലത്തിൽ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധ പരിപാടികളും എസ്ഐആറിനെതിരായ നിലപാടുകളും സിജെപി ശക്തമാക്കിയിരിക്കുകയാണ്.
Comments ()