യുഎസിൽ പഠിച്ചിറങ്ങുന്ന വിദേശ വിദ്യാർത്ഥികൾക്ക് വൻ തുക ഫീസ് ചുമത്താൻ ട്രംപ് ഭരണകൂടം; തിരിച്ചടിയാകുന്നത് മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക്

അമേരിക്കയിൽ പഠിച്ചിറങ്ങുന്ന വിദേശ വിദ്യാർത്ഥികൾക്ക് ജോലി ലഭിക്കാൻ വൻ തുക ഫീസ് ചുമത്താൻ സർക്കാരിൻ്റെ ആലോചനയെന്ന് റിപ്പോർട്ട്.

യുഎസിൽ പഠിച്ചിറങ്ങുന്ന വിദേശ വിദ്യാർത്ഥികൾക്ക് വൻ തുക ഫീസ് ചുമത്താൻ ട്രംപ് ഭരണകൂടം; തിരിച്ചടിയാകുന്നത് മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക്

വാഷിങ്ടണ്‍: അമേരിക്കന്‍ യൂണിവേഴ്‌സിറ്റികളില്‍നിന്ന് പഠനം പൂര്‍ത്തിയാക്കി രാജ്യത്ത് തന്നെ ജോലി കണ്ടെത്തി തുടരാന്‍ ആഗ്രഹിക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് കനത്ത തുക ഫീസ് ചുമത്താന്‍ ട്രംപ് ഭരണകൂടം ഒരുങ്ങുന്നു. യുഎസില്‍ തൊഴില്‍ നേടാന്‍ ആഗ്രഹിക്കുന്ന വിദേശികളായ ബിരുദധാരികളില്‍ നിന്ന് ഒരു ലക്ഷം ഡോളര്‍ (ഏകദേശം 83 ലക്ഷത്തിലധികം രൂപ) വരെ ഫീസായി ഈടാക്കാനാണ് നീക്കമെന്ന് വ്യാഴാഴ്ച 'ദ വാള്‍ സ്ട്രീറ്റ് ജേണല്‍' റിപ്പോര്‍ട്ട് ചെയ്തു.

ഈ പുതിയ തീരുമാനം നടപ്പിലായാല്‍ അമേരിക്കയില്‍ ഉന്നതപഠനവും ജോലിയും സ്വപ്നം കാണുന്ന ഇന്ത്യക്കാര്‍ അടക്കമുള്ള ആയിരക്കണക്കിന് വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് അത് വലിയ തിരിച്ചടിയാകും.

യുഎസില്‍ പഠനം പൂര്‍ത്തിയാക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴിലെടുക്കാന്‍ അനുവാദം നല്‍കുന്ന 'ഓപ്ഷണല്‍ പ്രാക്ടിക്കല്‍ ട്രെയിനിങ്' പ്രോഗ്രാമിന് മേലാണ് ഈ കനത്ത ഫീസ് ചുമത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇത് സംബന്ധിച്ച ശുപാര്‍ശ നിലവില്‍ ഹോംലാന്റ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റിന്റെ പരിഗണനയിലാണ്. എന്നാല്‍ ഏതൊക്കെ വിദേശ വിദ്യാര്‍ത്ഥികളാണ് ഈ ഫീസിന്റെ പരിധിയില്‍ വരിക എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. വിഷയത്തില്‍ വൈറ്റ് ഹൗസും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഫീസ് വര്‍ധനവ് പ്രാബല്യത്തില്‍ വന്നാല്‍ അത് ഏറ്റവും കൂടുതല്‍ തിരിച്ചടിയാകുന്നത് മലയാളി വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള ഇന്ത്യന്‍ സമൂഹത്തിനായിരിക്കും.