ഓണത്തിന് സപ്ലൈകോയുടെ സമ്മാനമഴ; കിറ്റുകളും ഗിഫ്റ്റ് കാർഡുകളും ഓഫറുകളും
അരി, വെളിച്ചെണ്ണ, പഞ്ചസാര, ശബരി മസാലകൾ ഉൾപ്പെടെ 21 ഇനങ്ങളാണ് 1000 രൂപയുടെ അത്തം ഓണസമ്മാനക്കിറ്റിലുണ്ടാകുക. സപ്ലൈകോ വിൽപ്പനശാലകളിലൂടെ കിറ്റുകൾ ലഭ്യമാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു
തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് വിപണിയിൽ കൂടുതൽ ആകർഷകമായ ഓഫറുകളുമായി സപ്ലൈകോ. ദുര്‍ബലവിഭാഗങ്ങൾക്കുള്ള ഓണക്കിറ്റിന് പുറമേ 1000 രൂപയുടെ അത്തം ഓണസമ്മാനക്കിറ്റ്, 1500 രൂപയുടെ ഉത്രാടം കിറ്റ്, 2000 രൂപയുടെ പ്രീമിയം തിരുവോണം കിറ്റ് എന്നിവയാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.
അരി, വെളിച്ചെണ്ണ, പഞ്ചസാര, ശബരി മസാലകൾ ഉൾപ്പെടെ 21 ഇനങ്ങളാണ് 1000 രൂപയുടെ അത്തം ഓണസമ്മാനക്കിറ്റിലുണ്ടാകുക. സപ്ലൈകോ വിൽപ്പനശാലകളിലൂടെ കിറ്റുകൾ ലഭ്യമാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. ഓണസദ്യയ്ക്ക് ആവശ്യമായ സാധനങ്ങൾക്കും വിവിധ ബ്രാൻഡഡ് ഉത്പന്നങ്ങൾക്കും പുറമേ പ്രത്യേക ഗിഫ്റ്റ് കിറ്റുകളും വിപണിയിലെത്തിക്കും.
25 ഇനങ്ങൾ ഉൾപ്പെടുന്ന ഉത്രാടം കിറ്റിന് 1500 രൂപയാണ് വില. 1880 രൂപയുടെ വിപണി വിലയുള്ള ഉത്പന്നങ്ങളാണ് ഈ കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 30 ഇനങ്ങളടങ്ങിയ പ്രീമിയം തിരുവോണം കിറ്റിന് 2000 രൂപയാണ് വില. 2540 രൂപയുടെ ഉത്പന്നങ്ങളാണ് ഈ കിറ്റിലൂടെ ലഭിക്കുക.
ഇതിന് പുറമേ ഒൻപത് പ്രീമിയം ശബരി ഉത്പന്നങ്ങൾ ഉൾപ്പെടുത്തി 299 രൂപയുടെ ശബരി സിഗ്നേച്ചർ കിറ്റും പുറത്തിറക്കും. പുട്ടുപൊടി, സേമിയ, പായസക്കൂട്ട്, മുളകുപൊടി, മഞ്ഞൾപ്പൊടി തുടങ്ങിയവയാണ് ഇതിൽ ഉൾപ്പെടുന്നത്.
ഓണക്കിറ്റുകൾക്ക് പുറമേ ഗിഫ്റ്റ് കാർഡുകളും സമ്മാനക്കൂപ്പണുകളും സപ്ലൈകോ ഒരുക്കിയിട്ടുണ്ട്. 500 രൂപയുടെയും 1000 രൂപയുടെയും മൂല്യമുള്ള ഓണം ഗിഫ്റ്റ് കാർഡുകൾ ഉപയോഗിച്ച് സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ നിന്ന് ആവശ്യമായ ഉത്പന്നങ്ങൾ വാങ്ങാം. വിവിധ ഓഫറുകളും സമ്മാനങ്ങളും ഉൾപ്പെടുത്തി ഇത്തവണത്തെ ഓണവിപണി സജീവമാക്കാനാണ് സപ്ലൈകോ ലക്ഷ്യമിടുന്നത്. ഇതിനായുള്ള ഒരുക്കങ്ങൾ സപ്ലൈകോ സ്റ്റോറുകളിൽ ആരംഭിച്ചു.
Comments ()