ആദ്യം പിന്തുണ, പിന്നാലെ മടങ്ങിപ്പോകാൻ ആഹ്വാനം; സിജെപി സമരവുമായി ബന്ധപ്പെട്ട നിലപാട് മാറ്റത്തില്‍ സൽമാൻ ഖാനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം
വിദ്യാർഥി സമരത്തെ പിന്തുണച്ച് ആദ്യം പ്രതികരിച്ച താരം പിന്നീട് സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നത്
ദില്ലി: പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കോക്ക്റോച്ച് ജനതാ പാർട്ടി (സിജെപി) ജന്തർ മന്തറിൽ നടത്തുന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം സൽമാൻ ഖാന്റെ നിലപാടുകൾ ചർച്ചയാകുന്നു. വിദ്യാർഥി സമരത്തെ പിന്തുണച്ച് ആദ്യം പ്രതികരിച്ച താരം പിന്നീട് സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നത്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ടും പരീക്ഷാ ക്രമക്കേടുകൾക്കെതിരെ നടപടി ആവശ്യപ്പെട്ടുമാണ് സിജെപിയുടെ നേതൃത്വത്തിൽ ദില്ലിയിൽ പ്രതിഷേധം നടക്കുന്നത്. വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ സമരത്തിന് പിന്തുണ അറിയിച്ചതിന് പിന്നാലെയാണ് സിനിമാ മേഖലയിൽ നിന്നുള്ള പ്രതികരണങ്ങളും ശ്രദ്ധ നേടിയത്.
വിദ്യാർഥികൾക്കെതിരെ പൊലീസ് സ്വീകരിച്ച നടപടിയെ വിമർശിച്ചായിരുന്നു സൽമാൻ ഖാന്റെ ആദ്യ പ്രതികരണം. സമാധാനപരമായ പ്രതിഷേധത്തിന് നേരെയുണ്ടായ നടപടിയിൽ വിഷമമുണ്ടെന്നും ബുദ്ധിമുട്ട് നേരിട്ട വിദ്യാർഥികൾക്കും അവരുടെ കുടുംബങ്ങൾക്കുമൊപ്പമാണ് താനെന്നും താരം സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. മെച്ചപ്പെട്ട വിദ്യാഭ്യാസ സംവിധാനത്തിനായി വിദ്യാർഥികൾ ശബ്ദമുയർത്തുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ പിന്നീട് പങ്കുവച്ച മറ്റൊരു കുറിപ്പിൽ വിദ്യാർഥികൾ വീടുകളിലേക്ക് മടങ്ങണമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും സൽമാൻ ഖാൻ ആവശ്യപ്പെട്ടു. പരീക്ഷാ ചോർച്ചയ്ക്ക് ഉത്തരവാദികളായവർക്കെതിരെ പ്രധാനമന്ത്രി കർശന നടപടി സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു. സമരത്തിന് നേതൃത്വം നൽകുന്ന സോനം വാങ്ചുക്കിനോടും പ്രതിഷേധം അവസാനിപ്പിക്കാൻ താരം അഭ്യർഥിച്ചു.
ഈ രണ്ട് പ്രതികരണങ്ങളും തമ്മിലുള്ള വ്യത്യാസമാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായത്. ആദ്യം സമരത്തെ പിന്തുണച്ച ശേഷം നിലപാട് മാറ്റിയെന്നാണ് ചിലരുടെ വിമർശനം. സൽമാൻ ഖാന്റെ പുതിയ കുറിപ്പിനെതിരെ നിരവധി പേർ പ്രതികരണങ്ങളുമായി രംഗത്തെത്തി.
സമരവുമായി ബന്ധപ്പെട്ട് ബോളിവുഡിൽ നിന്നുള്ള അപൂർവമായ പരസ്യ പിന്തുണയായിരുന്നു സൽമാൻ ഖാന്റെ ആദ്യ പ്രതികരണം. എന്നാൽ തുടർന്നുള്ള നിലപാട് സോഷ്യൽ മീഡിയയിൽ പുതിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.
Comments ()