പുലിക്കളി കേന്ദ്രസഹായം വൈകിയതിൽ സംസ്ഥാന സർക്കാരിനെതിരെ സുരേഷ് ഗോപി; ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷ വിമർശനം

തൃശൂർ കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ കഴിഞ്ഞ വർഷം പ്രഖ്യാപിച്ച കേന്ദ്രസഹായം പുലിക്കളി സംഘങ്ങൾക്ക് വിതരണം ചെയ്തതിന് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് മന്ത്രിയുടെ പ്രതികരണം

പുലിക്കളി കേന്ദ്രസഹായം വൈകിയതിൽ സംസ്ഥാന സർക്കാരിനെതിരെ സുരേഷ് ഗോപി; ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷ വിമർശനം

തൃശൂർ: തൃശൂരിലെ പുലിക്കളി സംഘങ്ങൾക്ക് കേന്ദ്രം പ്രഖ്യാപിച്ച സാമ്പത്തിക സഹായം ലഭിക്കാൻ വൈകിയതിന് സംസ്ഥാന സർക്കാരിനെയും ഉദ്യോഗസ്ഥരെയും വിമർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഫണ്ട് അനുവദിക്കുന്നതിൽ അനാവശ്യമായ കാലതാമസം ഉണ്ടായെന്നും ഇതിന് പിന്നിൽ രാഷ്ട്രീയ ഇടപെടലുണ്ടായെന്നും അദ്ദേഹം ആരോപിച്ചു.

തൃശൂർ കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ കഴിഞ്ഞ വർഷം പ്രഖ്യാപിച്ച കേന്ദ്രസഹായം പുലിക്കളി സംഘങ്ങൾക്ക് വിതരണം ചെയ്തതിന് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് മന്ത്രിയുടെ പ്രതികരണം.

പുലിക്കളി സംഘങ്ങൾക്ക് അനുവദിച്ച തുക സമയബന്ധിതമായി ലഭ്യമാക്കുന്നതിന് ടൂറിസം സെക്രട്ടറി ബിജുവുമായി പലതവണ നേരിട്ട് ബന്ധപ്പെട്ടിരുന്നുവെന്ന് സുരേഷ് ഗോപി പറഞ്ഞു. വിഷയത്തിൽ തനിക്ക് നേരിട്ട് ഇടപെടണമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാന സർക്കാരിന്റെ ആവശ്യമായ കത്ത് ലഭിക്കാത്തതാണ് കേന്ദ്രഫണ്ട് അനുവദിക്കുന്നതിന് തടസ്സമായതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ടൂറിസം വകുപ്പിനും ജില്ലാ ഭരണകൂടത്തിനും ഇതുസംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ നൽകിയിരുന്നെങ്കിലും നടപടികൾ വൈകിയതായി അദ്ദേഹം ആരോപിച്ചു.

ഫണ്ട് വൈകിപ്പിക്കുന്നതിൽ മുൻ ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് പങ്കുണ്ടായിരുന്നുവെന്നും സുരേഷ് ഗോപി ആരോപിച്ചു. ഉദ്യോഗസ്ഥ സംവിധാനത്തെ ഉപയോഗിച്ച് തനിക്കെതിരെ രാഷ്ട്രീയ നീക്കം നടത്തിയെന്നും അദ്ദേഹം വിമർശിച്ചു.

പുലിക്കളി നടക്കുന്നതിന് എട്ട് ദിവസം മാത്രം ശേഷിക്കെ വിഷയം പൊതുസമൂഹത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് മുന്നറിയിപ്പ് നൽകിയതോടെയാണ് നടപടികൾ വേഗത്തിലായതെന്നും മന്ത്രി പറഞ്ഞു. കേന്ദ്രസഹായം വൈകിയതുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.