തമിഴ്നാട്ടിൽ സ്ത്രീകൾക്ക് കൂടുതൽ ബസുകളിൽ സൗജന്യ യാത്ര; ‘വെട്രി പയണം’ പദ്ധതിക്ക് തുടക്കം
ഏഴ് സംസ്ഥാന ഗതാഗത കോർപ്പറേഷനുകൾക്ക് കീഴിലുള്ള 18,413 ബസുകളിൽ 12,695 എണ്ണമാണ് പുതിയ പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആകെ സർക്കാർ ബസ് സർവീസുകളുടെ ഏകദേശം 69 ശതമാനമാണിത്. ദിവസേന ഏകദേശം 84.32 ലക്ഷം സ്ത്രീകൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് സർക്കാർ കണക്കാക്കുന്നത്
ചെന്നൈ: തമിഴ്നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്കുമുള്ള സൗജന്യ ബസ് യാത്രാ സൗകര്യം കൂടുതൽ സർവീസുകളിലേക്ക് വ്യാപിപ്പിച്ചു. ‘വെട്രി പയണം’ പദ്ധതിയുടെ വിപുലീകരണത്തിന് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ചെന്നൈ കോയമ്പേട് ബസ് ടെർമിനലിൽ തുടക്കം കുറിച്ചു. ഇതോടെ നഗര-ഗ്രാമ മേഖലകളിലായി കൂടുതൽ സർക്കാർ ബസുകളിൽ ഇനി യാത്രാക്കൂലി നൽകേണ്ടതില്ല.
ഏഴ് സംസ്ഥാന ഗതാഗത കോർപ്പറേഷനുകൾക്ക് കീഴിലുള്ള 18,413 ബസുകളിൽ 12,695 എണ്ണമാണ് പുതിയ പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആകെ സർക്കാർ ബസ് സർവീസുകളുടെ ഏകദേശം 69 ശതമാനമാണിത്. ദിവസേന ഏകദേശം 84.32 ലക്ഷം സ്ത്രീകൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് സർക്കാർ കണക്കാക്കുന്നത്.
നഗര മേഖലകളിലെ എക്സ്പ്രസ്, ലിമിറ്റഡ് സ്റ്റോപ്പ്, ഡീലക്സ് വിഭാഗം ബസുകളിലേക്കാണ് പ്രധാനമായും സൗജന്യ യാത്ര വ്യാപിപ്പിച്ചത്. ഇതിന് പുറമെ മൊഫ്യൂസിൽ ഓർഡിനറി ബസുകളിലും 40 കിലോമീറ്ററിന് മുകളിലുള്ള മലയോര റൂട്ടുകളിലെ ഓർഡിനറി ബസുകളിലും സൗജന്യ യാത്ര അനുവദിക്കും. നേരത്തെ സാധാരണ നഗര ബസുകളിലായിരുന്നു ഈ സൗകര്യം ലഭിച്ചിരുന്നത്.
യാത്ര ചെയ്യുന്നതിന് വരുമാന പരിധിയോ ദിവസേനയുള്ള യാത്രകളുടെ എണ്ണത്തിന് നിയന്ത്രണമോ ഇല്ലെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. വിദ്യാഭ്യാസം, ജോലി, ചികിത്സ, മറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി പൊതുഗതാഗതത്തെ കൂടുതൽ ആശ്രയിക്കാൻ സ്ത്രീകൾക്ക് ഈ വിപുലീകരണം സഹായിക്കുമെന്നാണ് അധികൃതരുടെ വിശദീകരണം.
ചില ജില്ലകളിൽ പദ്ധതി ഉടൻ നടപ്പാക്കുന്നതിന് താൽക്കാലിക നിയന്ത്രണമുണ്ട്. മധുരാന്തകം, ധാരാപുരം നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ ചെങ്ങൽപട്ട്, തിരുപ്പൂർ ജില്ലകളിൽ ചട്ടം നീങ്ങിയ ശേഷമായിരിക്കും പദ്ധതി പ്രാബല്യത്തിൽ വരിക.
2021ൽ ആരംഭിച്ച സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിയുടെ വിപുലീകരിച്ച രൂപമാണ് പുതിയ സംവിധാനം. കൂടുതൽ ബസ് വിഭാഗങ്ങളെ ഉൾപ്പെടുത്തുന്നതിലൂടെ സ്ത്രീകളുടെ യാത്രാ ചെലവ് കുറയ്ക്കുന്നതിനും പൊതുഗതാഗതത്തിലേക്കുള്ള പ്രവേശനം വർധിപ്പിക്കുന്നതിനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. പദ്ധതിക്കായി സംസ്ഥാന ഖജനാവിന് പ്രതിവർഷം ഏകദേശം 6,000 കോടി രൂപയുടെ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.
Comments ()