സൗദി അറേബ്യയിൽ താപനില 47 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും, ജാഗ്രത
ജൂണ്‍ 24 ബുധനാഴ്ച വരെ താപനിലയില്‍ ഗണ്യമായ വര്‍ധനവുണ്ടാകും.
റിയാദ്: സൗദി അറേബ്യയിലെ ചിലയിടങ്ങളില്‍ ഈയാഴ്ച ചൂട് അതിശക്തമാകുമെന്ന് മുന്നറിയിപ്പ്. ജൂണ്‍ 24 ബുധനാഴ്ച വരെ താപനിലയില്‍ ഗണ്യമായ വര്‍ധനവുണ്ടാകും. മദീനയിലെ തീരപ്രദേശങ്ങളും ഉയര്‍ന്ന പ്രദേശങ്ങളും ഉള്‍പ്പെടെയുള്ള പല ഭാഗങ്ങളിലും താപനില 45 മുതല്‍ 47 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും അതോടൊപ്പം ഉഷ്ണതരംഗത്തിനും സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ സിവില്‍ ഡിഫന്‍സും മറ്റ് അധികൃതരും നല്‍കുന്ന സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രദേശവാസികള്‍ പൂര്‍ണ്ണമായും പാലിക്കണമെന്ന് ബന്ധപ്പെട്ടവര്‍ അഭ്യര്‍ത്ഥിച്ചു. അന്തരീക്ഷം വരണ്ടതാകാനും പൊടിപടലങ്ങള്‍ നിറഞ്ഞ ശക്തമായ കാറ്റ് വീശാനും ഇടയുണ്ട്. പൊടിക്കാറ്റ് മൂലം റോഡുകളില്‍ ദൃശ്യപരത കുറയാന്‍ സാധ്യതയുള്ളതിനാല്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണം.
വടക്കന്‍ അതിര്‍ത്തി പ്രവിശ്യകള്‍, അല്‍ ജൗഫ്, തബൂക്ക്, മക്ക, റിയാദ് എന്നീ മേഖലകളില്‍ കനത്ത കാറ്റിന് സാധ്യതയുണ്ട്. അതേസമയം, മക്കയിലെ ഉയര്‍ന്ന പ്രദേശങ്ങളിലും ജിസാന്‍, അസീര്‍, അല്‍ ബഹ എന്നീ മേഖലകളുടെ ചില ഭാഗങ്ങളിലും വരും ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
Comments ()