ഗുണനിലവാരമില്ലെന്ന് പരിശോധനാ ഫലം; ‘കേര ഡയമണ്ട്’ വെളിച്ചെണ്ണ വിപണിയിൽ നിന്ന് ഒഴിവാക്കും
ഭക്ഷ്യസുരക്ഷാ പരിശോധനയുടെ ഭാഗമായി കുന്നത്തൂർ, ചടയമംഗലം മേഖലകളിൽ നിന്ന് ശേഖരിച്ച വെളിച്ചെണ്ണയുടെ സാമ്പിളുകളാണ് തിരുവനന്തപുരം ഗവ. അനലിറ്റിക്കൽ ലാബിൽ പരിശോധിച്ചത്
കൊല്ലം: ഗുണനിലവാര പരിശോധനയിൽ വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് ‘കേര ഡയമണ്ട്’ എന്ന ബ്രാൻഡിൽ വിപണനം ചെയ്യുന്ന വെളിച്ചെണ്ണയ്‌ക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നടപടി. ഉൽപ്പന്നത്തിന്റെ ശേഖരണം, വിൽപ്പന, വിതരണം എന്നിവ നിരോധിച്ചതായി ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു.
ഭക്ഷ്യസുരക്ഷാ പരിശോധനയുടെ ഭാഗമായി കുന്നത്തൂർ, ചടയമംഗലം മേഖലകളിൽ നിന്ന് ശേഖരിച്ച വെളിച്ചെണ്ണയുടെ സാമ്പിളുകളാണ് തിരുവനന്തപുരം ഗവ. അനലിറ്റിക്കൽ ലാബിൽ പരിശോധിച്ചത്. പരിശോധനാ ഫലത്തിൽ സാമ്പിളുകൾ നിർദിഷ്ട ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് വ്യക്തമായതോടെയാണ് തുടർനടപടി സ്വീകരിച്ചത്.
ഉൽപ്പന്നത്തിന്റെ ലേബലിൽ പാലക്കാട്ടെ ‘ദാസ് ഓയിൽ ഇൻഡസ്ട്രീസ്, തയ്യിൽ ബിൽഡിംഗ്, യൂണിറ്റ് നമ്പർ 1/77’ എന്ന വിലാസമാണ് നിർമ്മാണ കേന്ദ്രമായി രേഖപ്പെടുത്തിയിരുന്നത്. എന്നാൽ അധികൃതർ നടത്തിയ പരിശോധനയിൽ ഇത്തരമൊരു നിർമ്മാണ വിലാസം നിലവിലില്ലെന്നും നൽകിയ വിവരങ്ങൾ വ്യാജമാണെന്നും കണ്ടെത്തി.
ഇതിന്റെ പശ്ചാത്തലത്തിലാണ് ഈ ബ്രാൻഡിലുള്ളതോ പ്രസ്തുത വിലാസം രേഖപ്പെടുത്തിയതോ ആയ വെളിച്ചെണ്ണ വിപണിയിൽ നിന്ന് ഒഴിവാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദേശം നൽകിയത്. വ്യാപാരികൾ ഇത്തരം ഉൽപ്പന്നങ്ങൾ ഇനി സ്റ്റോക്കിലെടുക്കുകയോ ഉപഭോക്താക്കൾക്ക് വിൽക്കുകയോ വിതരണം ചെയ്യുകയോ ചെയ്യരുതെന്നും നിർദേശമുണ്ട്.
വെളിച്ചെണ്ണ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ വാങ്ങുമ്പോൾ ലേബലിലെ വിവരങ്ങളും നിർമ്മാതാവിന്റെ വിലാസവും പരിശോധിക്കണമെന്ന് അധികൃതർ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു. ബില്ലില്ലാത്തതും പരിചയമില്ലാത്തതുമായ ബ്രാൻഡുകൾ ഒഴിവാക്കാനും നിർദേശിച്ചിട്ടുണ്ട്. സംശയമുള്ള ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ 1800 425 1125 എന്ന ടോൾ ഫ്രീ നമ്പറിൽ അറിയിക്കാം.
Comments ()