ഒഡീഷ തീരത്ത് ചരക്കുകപ്പൽ മുങ്ങി; കപ്പലിൽ 24 ജീവനക്കാർ, 2 പേരെ രക്ഷപ്പെടുത്തി

പരദീപ് തീരത്തുനിന്ന് ഏകദേശം 240 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ മുങ്ങിയത്

ഒഡീഷ തീരത്ത് ചരക്കുകപ്പൽ മുങ്ങി; കപ്പലിൽ 24 ജീവനക്കാർ, 2 പേരെ രക്ഷപ്പെടുത്തി

ഭുവനേശ്വർ: ഒഡീഷ തീരത്തുനിന്ന് 240 നോട്ടിക്കൽ മൈൽ അകലെ ബംഗാൾ ഉൾക്കടലിൽ ചരക്കുകപ്പൽ മുങ്ങി അപകടം. ഒഡീഷയിലെ പാരദ്വീപ് തുറമുഖത്തുനിന്ന് ഓഗസ്റ്റ് 20-ന് രാത്രി 10:30-ഓടെ 1,700 ടൺ ഇരുമ്പ് അയിരുമായി ചൈനയിലേക്ക് പുറപ്പെട്ട 'എംവി ഓഷ്യൻ വിന്നർ' എന്ന പനാമ പതാക വഹിച്ച കപ്പലാണ് അപകടത്തിൽപെട്ടത്. 20 ചൈനീസ് പൗരന്മാരും 3 മ്യാന്മർ സ്വദേശികളും ഒരു ബംഗ്ലാദേശിയും ഉൾപ്പെടെ ആകെ 24 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്.

അപകട വിവരം അറിഞ്ഞതിനെ തുടർന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡും ഇന്ത്യൻ നേവിയും സംയുക്തമായി അടിയന്തര രക്ഷാപ്രവർത്തനം ആരംഭിച്ചു. രക്ഷാദൗത്യത്തിനായി കോസ്റ്റ് ഗാർഡിന്റെ 'വരദ്', 'അൻമോൾ' എന്നീ കപ്പലുകൾ നിലവിൽ വിന്യസിച്ചിട്ടുണ്ടെന്നും 'വിജിത്ത്' എന്ന കപ്പൽ ഉടൻ സംഭവസ്ഥലത്ത് എത്തുമെന്നും അധികൃതർ അറിയിച്ചു. കപ്പലിലുണ്ടായിരുന്ന മൂന്ന് ജീവനക്കാരെ രക്ഷപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ടെങ്കിലും, ആകെ എത്രപേരെ രക്ഷിക്കാനായി എന്നതിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ലെന്ന് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പിടിഐയോട് (PTI) വ്യക്തമാക്കി.